ചെന്നൈ: യാത്രാ കോച്ചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പംകൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് കോച്ച്, ഫസ്റ്റ് എസി കോച്ച് എന്നിവയിലോ, ലഗേജ് കം ബ്രേക്ക് വാനിലോ കൊണ്ടുപോകാം എന്നാണ് ദക്ഷിണ റെയില്‍വേ അറിയിക്കുന്നത്.
ബുക്ക് ചെയ്തതിന് ശേഷമാവും വളര്‍ത്തു നായ്‌ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ഒരാള്‍ക്ക് ഒരു നായയെ കൊണ്ടുപോകാനാണ് അനുമതി. നായയെ ബുക്ക് ചെയ്ത് കൊണ്ടുപോകാനായി യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും പാഴ്‌സല്‍ ഓഫീസില്‍ എത്തിക്കണം.
ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയില്‍ 60 കിലോ ലഗേജിന് നല്‍കേണ്ട തുകയാണ് നായയെ കൊണ്ടുപോകുന്നതിനുള്ള പണമായി നല്‍കേണ്ടത്. യാത്രക്കാരന്റെ ടിക്കറ്റ് പിഎന്‍ആര്‍ നമ്ബര്‍ കാണിച്ച് പാഴ്‌സല്‍ ഓഫീസില്‍ ഈ തുക അടയ്ക്കണം.
നായ്ക്ക് രോഗമില്ലെന്ന് വ്യക്തമാക്കുന്ന വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. നായയുടെ വാക്‌സിന്‍ എടുത്തതിന്റെ രേഖകളും കാണിക്കണം.