NEWS

ഹൈദരാബാദിലേക്ക് ട്രെയിലറിൽ കൊണ്ടുപോയ വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിൽ ഇടിച്ചു; നിരവധിപേർക്ക് പരിക്ക് 

 തിരുവനന്തപുരം: ട്രെയിലറിൽ ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ച് നിരവധിപേർക്ക് പരിക്ക്.

 ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം. കെ.എസ്.ആർ.ടി.സി. ഡ്രൈവർ ഉൾപ്പെടെ പതിനഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ദേശീയപതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോയ ട്രെയിലറാണ് തിരുവന്തപുരംഭാഗത്തേക്ക് പോകുകയായിരുന്ന ബസിലിടിച്ചത്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകൾ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കൂറ്റൻ ചിറകുകൾ ഇടിച്ചതോടെ കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മുപ്പത് വർഷം ആകാശത്ത് പറന്ന എയർബസ് എ-320 കലാവധി കഴിഞ്ഞതിനാൽ 2018-ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപത്തെ മൂലയിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. നാല് വർഷത്തോളം എൻജിനീയറിങ് വിദ്യാർഥികളുടെ പഠനത്തിനായി ഇത് ഉപയോഗിച്ച് വരികയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വിൽക്കാൻ തീരുമാനിച്ചു. തുടർന്ന് നടന്ന ലേലത്തിൽ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിങ്, 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു.
വിമാനം പൊളിച്ച് കൊണ്ടു പോകുമ്പോഴാണ് അപകടം. ട്രെയിലറിന്റെ ഡ്രൈവർ അപകടത്തെത്തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാൻ കഴിയാതെ വന്നതും പോലീസിന് തലവേദനയായി. തുടർന്ന് ബ്ലോക്കിലകപ്പെട്ട മറ്റൊരു ട്രെയിലർ വാഹനത്തിന്റെ ഡ്രൈവറെത്തിയാണ് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് നിന്ന ട്രെയിലർ നീക്കിയത്.
 ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഗതാഗത കുരുക്കിന് പരിഹാരമായി.
നാലു വര്‍ഷം മുമ്ബ് സര്‍വീസ് അവസാനിപ്പിച്ച എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320
വിമാനം ഹൈദരാബാദിൽ റെസ്റ്റോറന്‍റാക്കുന്നതിനു വേണ്ടിയാണ് ട്രെയിലറിൽ കൊണ്ടുപോയത്.

Back to top button
error: