കുറവന്‍കോണം, മ്യൂസിയം അതിക്രമം; സന്തോഷിനെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു: മന്ത്രി റോഷി
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ പിടിയിലായ മലയിന്‍കീഴ് സ്വദേശി സന്തോഷിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന ജല അതോറിറ്റിയുടെ വാഹനത്തിന്റെ കരാര്‍ ഡ്രൈവറാണ് സന്തോഷ്. ഇയാളെ തന്റെ ഓഫീസില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി
അതോറിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരന്‍ ആണ് ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവര്‍ക്കെതിരേ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്കു നിര്‍ദേശം നല്‍കണമെന്നും ജല അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി. കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ജല അതോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ് സന്തോഷിനെ കുടുക്കിയത്. ഈ ഇന്നോവ കാറാണ് സിസി ടിവിയില്‍ തെളിവായി മാറിയത്. കുറവന്‍കോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം നടത്തിയ സമയത്തും ഇന്നോവ കാര്‍ മ്യൂസിയം പരിധിയിലെ സിസി ടിവിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.