NEWS

ചക്ക പ്രണയികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് ലക്ഷങ്ങള്‍ വിറ്റുവരവുള്ള കമ്പനിയായി മാറിയ കഥ

 ദ്യം അതൊരു വാട്ട്സാപ്പ് ഗ്രൂപ്പായിരുന്നു.പിന്നീടത്  വളര്‍ന്ന് ഗ്രൂപ്പുകളായി മാറി. പിന്നെ ആ ഗ്രൂപ്പുകള്‍ ചേര്‍ന്ന്, ഒരു അന്താരാഷ്ട്ര കമ്പനിയായി മാറി. മാസംതോറും ലക്ഷങ്ങള്‍ വരുമാനം നേടുന്ന ഒരു നൂതന സംരംഭം. അതാണ് എറണാകുളത്തു നിന്നും ഉയര്‍ന്നു വന്ന ‘ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്’.
അവിശ്വസനീയമായ ഈ കഥയിപ്പോള്‍ യാഥാര്‍ത്ഥ്യമാണ്. അതിന്റെ സ്ഥാപകര്‍ക്ക് അതിനെക്കുറിച്ച് ഏറെ പറയാനുണ്ടിപ്പോള്‍. ആ കഥയ്ക്ക് ചക്കയുടെ മണവും രുചിയുമുണ്ട്.
കഥ തുടങ്ങുന്നത് രണ്ട് ചക്ക പ്രണയികളിലാണ്്. ഒരാള്‍ എറണാകുളം സ്വദേശിയായ ടി മോഹന്‍ദാസ്, മറ്റേത് സുഹൃത്ത് അനില്‍ ജോസ്. സാധാരണ മട്ടിലുള്ള അവരുടെ സംസാരങ്ങളിലൊന്നില്‍ സ്വാഭാവികമായും ചക്ക കടന്നുവന്നു. ചക്ക ആഗ്രഹിക്കുന്ന ഒരു പാടാളുകള്‍ വലിയ വില കൊടുത്ത് അത് വാങ്ങുമ്പോള്‍ മറുവശത്ത് വലിയ അളവോളം ചക്കകള്‍ ആര്‍ക്കും വേണ്ടാതെ പാഴായിപ്പോവുന്നു. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയിലാണ് ചക്കയുള്ളവരെയും ചക്ക വേണ്ടവരെയും ഒരുമിപ്പിക്കാനുള്ള ഒരിടം എന്ന ആശയം ഉരുത്തിരിഞ്ഞത്.
ചക്ക പ്രേമികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ്
അങ്ങനെയാണ് ‘ചക്കക്കൂട്ടം’ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് 2019-ല്‍ പിറക്കുന്നത്. വീടുകളില്‍ പ്ലാവുകള്‍ ഉള്ള ചില സുഹൃത്തുക്കളും ചക്ക പ്രേമികളായ മറ്റ് ചില സുഹൃത്തുക്കളെയുമാണ് അതില്‍ ഉള്‍പ്പെടുത്തിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായി. കര്‍ഷകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വ്യാപാരികള്‍, യുവ സംരംഭകര്‍, ഫോട്ടോഗ്രാഫേഴ്സ് എന്നു തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ള ആളുകള്‍ അതിലുണ്ടായിരുന്നു.
അംഗങ്ങള്‍ തമ്മില്‍ ചക്ക എങ്ങനെ പാഴാക്കാതെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ സംവാദങ്ങള്‍ നടന്നു. തുടര്‍പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി. അതോടൊപ്പം, അംഗങ്ങള്‍ തമ്മില്‍ ചക്കയുടെ കൈമാറ്റവും നടന്നു. നഗരങ്ങളിലേക്ക് കുടിയേറിയ, ചക്ക കൊതിയന്‍മാരായ ആളുകള്‍ക്ക് ഗ്രൂപ്പിലെ കര്‍ഷകരില്‍ നിന്നും ചക്ക വാങ്ങാന്‍ സാധിച്ചു. പതിയെ ഗ്രൂപ്പിന് സ്വീകാര്യത വന്നു. വാര്‍ത്തകള്‍ വന്നു. കൂടുതലാളുകള്‍ ഗ്രൂപ്പില്‍ അംഗങ്ങളാവാന്‍ എത്തി. ഇന്ന് 500 ലധികം അംഗങ്ങളുള്ള ആറു ഗ്രൂപ്പുകളായി അത് വളര്‍ന്ന് കഴിഞ്ഞു. അതായത് ചക്കപ്രേമികളായ മൂവായിരത്തിലധികം ആളുകളുള്ള ഒരു വലിയ കൂട്ടം.
വാട്ട്‌സാപ്പ് ഗ്രൂപ്പില്‍നിന്നും കമ്പനിയായി മാറുന്നു
രണ്ട് വര്‍ഷം കഴിഞ്ഞ് ഒരു ജൂലൈ നാല്. അന്താരാഷ്ട്ര ചക്ക ദിനം. ഗ്രൂപ്പംഗമായ ആര്‍ അശോക് ഒരു റേഡിയോ ചാനല്‍ ചര്‍ച്ചയില്‍ കമ്പനിയായി വളരാനുള്ള സാദ്ധ്യതകളെക്കുറിച്ച് പറഞ്ഞു. വിവിധ ചക്ക ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ ഉള്‍പ്പെടെ വില്‍ക്കുന്ന വില്‍ക്കുന്ന സ്വപ്‌നവും അദ്ദേഹം പങ്കുവെച്ചു. ഇത് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി. അങ്ങനെ ഒരു കമ്പനി രൂപവല്‍ക്കരിക്കാന്‍ തീരുമാനമായി. ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ജനിച്ചു.
സ്ഥാപക അംഗങ്ങളായ അശോക്, അനില്‍ ജോസ്, വിപിന്‍കുമാര്‍, ഭക്ഷ്യോത്പാദന വിപണന വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗങ്ങളായ സാബു അരവിന്ദ്, മനു ചന്ദ്രന്‍, ബോബിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കമ്പനിക്ക് തുടക്കം കുറിച്ചത്.
ചക്ക ഉപയോഗിച്ചുകൊണ്ടുള്ള വിവിധയിനം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും ആണ് ചക്കക്കൂട്ടം കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ചക്ക ചിപ്‌സ്, മൈദ, ഹല്‍വ, ഉണങ്ങിയ ചക്ക, ഇളം ചക്ക തുടങ്ങി 100 മുതല്‍ 1000 രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ ബ്രാന്‍ഡ് പുറത്തിറക്കുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഉത്പന്നം ആയ റിപ് ചക്ക പാലട വരും ദിവസങ്ങളില്‍ വിപണികളില്‍ ലഭ്യമായി തുടങ്ങുമെന്ന് സിഇഒ മനു ചന്ദ്രന്‍  പറഞ്ഞു.
 നിലവില്‍ എറണാകുളം ലുലു, റിലയന്‍സ് സ്റ്റോറുകളില്‍ ചക്കക്കൂട്ടം ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. താമസിയാതെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ജിയോ മാര്‍ട്ട് സൈറ്റുകളില്‍ ഇവ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോലഞ്ചേരിക്ക് അടുത്ത് 5000 സ്‌ക്വയര്‍ഫീറ്റില്‍ ആണ് കമ്പനിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിനുള്ളില്‍ 10 ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് കമ്പനിക്കുള്ളത്. ഇവര്‍ വിവിധ ജില്ലകളില്‍ നിന്നായി കര്‍ഷകരില്‍ നിന്നും ചക്ക ശേഖരിക്കുന്നു. ഈ വര്‍ഷം ഏതാണ്ട് 20 ടണ്‍ ഓളം ചക്ക ഇത്തരത്തില്‍ ശേഖരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. നിലവില്‍ ആറു ടണ്ണോളം ചക്ക കേടുകൂടാതെ സംഭരിച്ച് വെച്ചതായി കമ്പനി സിഇഒ പറയുന്നു.
ആഗോള മാര്‍ക്കറ്റ് ലക്ഷ്യം വച്ചുള്ളതാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. അതിന്റെ പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വൈകാതെ ആ സ്വപ്നത്തിലേക്ക് എത്തിച്ചേരും എന്ന പ്രതീക്ഷയിലാണ് ചക്കക്കൂട്ടം .

Back to top button
error: