വ്യാജ ബിരുദ കേസ്: സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു, ശിവശങ്കര്‍ സാക്ഷി പട്ടികയില്‍ പോലുമില്ല
തിരുവനന്തപുരം: വ്യാജ ബിരുദം സംബന്ധിച്ച കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷണം നടത്തിയ കണ്ടോണ്മെന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിന് ദാസും മാത്രമാണ് പ്രതികള്‍. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരില്‍ നേരത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത എം. ശിവശങ്കറിനെ പൂര്‍ണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം. ശിവശങ്കറിനെ സാക്ഷി പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്.ഐ.ആറില്‍ ഉണ്ടായിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നിവരെയും ഒഴിവാക്കി.
വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെയും കണ്‍സള്‍ട്ടന്‍സികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കര്‍ സര്‍വ്വകലാശാലയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ പൊലീസ് പരിശോധിച്ചില്ല. വ്യാജ ബിരുദം നല്‍കിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാര്‍ക്കല്‍ സ്വപ്ന നിയമനം നേടിയത്.