തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഡി സി പി അജിത്ത് കുമാർ കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഡിജിപി എം ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം, നഗരഹൃദയത്തിൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ട് അഞ്ച് ദിവസം കഴിയുമ്പോഴും പൊലിസ് ഇരുട്ടിൽതപ്പുകയാണ്. സംശയമുളള നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും തിരിച്ചറിയിൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചിറിഞ്ഞില്ല. അതേസമയം സ്ത്രീയെ ആക്രമിച്ചയാളും കൊറവൻകോണത്തെ വീടുകളിൽ കയറി അതിക്രമം കാണിച്ചയാളും ഒന്നല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൊറവൻകോണത്തെ വീട്ടിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. നല്ല പൊക്കവും ശരീരക്ഷമയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചാണ് അന്വേഷണം. സംശയമുള്ളവരെ മ്യൂസിയം സ്റ്റേഷനിൽ കൊണ്ടുവന്ന പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയിൽ പരേഡ് നടത്തി. പക്ഷെ ആക്രമി ഇക്കൂട്ടത്തില്ലെന്ന് പറഞ്ഞോതോടെ ഇവരെ വിട്ടയച്ചു.
സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. രേഖാചിത്രം പുറത്ത് വിടുകയും ചെയ്തതിരുന്നു. അതേസമയം, പ്രതി പോയ ദിശ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന പൊലീസ് വാദം യുവതി തള്ളി.