ഇടുക്കി: മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ അൻപത്തി ആറ് കാരനായ പി വേലുസ്വാമി, പത്തൊൻപത് വയസുകാരനായ എൻ മുകേഷ് എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്.
മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ് എച്ച് ഒ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള എസ് ഐ തബിരാജ്, എ എസ് ഐ മരായ ബിജു ഇമ്മാനുവൽ, ഹാജിറ, സി പി ഒ മാരായ രജേഷ്, ജിൻസ്, അനിഷ്, അനുപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പോക്സോ കേസിൽ യുവാവിന് 35 വർഷം കഠിന തടവും ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. തൊടുപുഴ സ്വദേശി ആൽബിനെതിരെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി 35 വർഷം ശിക്ഷ വിധിച്ചത്. പ്രതി ക്രൂരകൃത്യം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജഡ്ജി നിക്സൻ എം ജോസഫ് ശിക്ഷ വിധിച്ചത്.
മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 2016 നവംബർ 18 നാണ് കേസിനാസ്പദമായ സഭവം നടന്നത്. വീടിന്‍റെ ജനൽ കമ്പി തകർത്ത് അതിക്രമിച്ച് കടന്ന പ്രതി കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. ഇരക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.