തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നൂറു ദിവസമായി സമരം നടത്തുന്നവര്‍ക്ക് പരോക്ഷ പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ഫണ്ട് ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങി. കോടതി വിധിയും പോലീസ് നടപടിയും സര്‍ക്കാര്‍ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം വിദേശ തുറമുഖങ്ങള്‍ക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇത്.
തുറമുഖ നിര്‍മ്മാണം ഏറക്കുറെ അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് സമരം തുടങ്ങിയത്. സമരത്തിനെതിരേ ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും. സമരത്തിനു പിന്നില്‍ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ ആരോപണം.
സമരപ്പന്തലില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളും വിവിധ രേഖകളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
സംഘടനകളുടെയും സംശയമുള്ള വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഐ.ബി പരിശോധിക്കുന്നുണ്ട്. ചിലര്‍ നിരീക്ഷണത്തിലാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയടക്കമുള്ള പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെത്തി. സമരപ്പന്തലില്‍ ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നു. സംശയമുള്ളവരുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുന്നുണ്ട്. ദേശീയ താത്പര്യമുളള വിഷയമായതിനാല്‍ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം സമരത്തെ കാണുന്നത്.
തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ നല്കിയ ചിലര്‍ക്ക് വിദേശ ഫണ്ട് ലഭിച്ചിരുന്നതായി ഐ.ബി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ മോഡലാണ് ഇവിടെയും നടക്കുന്നതെന്ന് ചില സംഘടനകള്‍ ആരോപിച്ചിരുന്നു. സമരസമിതിയുടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടും തുറമുഖ നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്ന് വാശി പിടിക്കുന്നതും പരിശോധിക്കുന്നു.