മംഗ്ളുര് നഗരത്തിനടുത്ത് ഉള്ളാൾ പഞ്ചൻധ്യാന ദേവസ്ഥാനം പരിസരത്ത് താമസിക്കുന്ന യുവതി വീട്ടിലും ഭർത്താവ് പുറത്തും മരിച്ച നിലയിൽ കണ്ടെത്തി. ശിവാനന്ദ പൂജാരി (55), ഭാര്യ ശോഭ (45) എന്നിവരാണ് മരിച്ചത്. ശോഭയുടെ മൃതദേഹം വീട്ടിലെ കട്ടിലിൽ ശ്വാസം മുട്ടി ജീവൻപോയ നിലയിലായിരുന്നു. ശിവാനന്ദയുടെ മൃതദേഹം വീട്ടുപരിസരത്തെ മരക്കൊമ്പിൽ തൂങ്ങിയതായും കണ്ടു. യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു.
ദമ്പതികളുടെ മൂത്ത മകൻ കാർത്തിക്കിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അയൽ വീട്ടിൽ നിന്ന് ശോഭ വ്യാഴാഴ്ച രാവിലെ പത്തിന് വളം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ അറിവായി. ബെംഗ്ളൂറിൽ ജോലി ചെയ്യുന്ന കാർത്തിക് അമ്മയേയും അച്ഛനേയും വിളിച്ചെങ്കിലും മൊബൈൽ ഫോൺ എടുക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു.
ഇവരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ശിവാനന്ദയും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.