NEWS

ദേശീയ ജലപാത: നിര്‍മ്മാണജോലികള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വീണ്ടും പ്രതീക്ഷയോടെ ദേശീയ ജലപാതയിലെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു.

വേളി മുതല്‍ പള്ളിത്തുറ വരെയുള്ള പാര്‍വതി പുത്തനാറിന്റെ നാല് കിലോമീറ്ററോളം വരുന്ന ഭാഗത്തെ നവീകരണ നിര്‍മ്മാണ പ്രവൃത്തികളാണ് ആരംഭിച്ചത്.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് നിശ്ചയിച്ച പ്രകാരമുള്ള 35 മീറ്റര്‍ വീതിയിലാണ് ജലപാതയുടെ നിര്‍മ്മാണം. 25 മീറ്റര്‍ വീതിയില്‍ പുത്തനാറിന്റെ ആഴം വര്‍ദ്ധിപ്പിച്ച്‌ ജലപാതയൊരുക്കും. 5 മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തും റോഡുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

Signature-ad

പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ പനത്തുറ, പുത്തന്‍പാലം, സെന്റ് ആന്‍ഡ്രൂസ്, കരിക്കകം എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തു നിന്ന് പുനരധിവസിപ്പിക്കുന്നവര്‍ക്ക് 214 കോടി രൂപയുടെ പുനരധിവാസ പാക്കേജ് കിഫ്‌ബിവഴി നല്‍കും.

ജലപാതയുടെ നവീകരണത്തിന് കിഫ്ബിയില്‍ നിന്ന് 6000 കോടി രൂപ ചെലവഴിച്ചുള്ള ബൃഹദ് പദ്ധതിയാണ് നടപ്പാക്കുന്നത്. 2451.24 കോടി രൂപ ഇതിനകം കിഫ്ബി അനുവദിച്ചു. മൂന്ന് ഘട്ടങ്ങളിലായി 616 കിലോമീറ്റര്‍ ദൂരത്തിലാണ് ജലപാത യാഥാര്‍ത്ഥ്യമാകുന്നത്. ഇതില്‍ 238 കിലോമീറ്റര്‍ അടുത്ത സാമ്ബത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാണ് പദ്ധതി. 2024 -25 ല്‍ 80 കിലോമീറ്ററും 2025-26 ല്‍ 61 കിലോമീറ്ററും പൂര്‍ത്തീകരിക്കും. നീളത്തില്‍ ഏഷ്യയില്‍ രണ്ടാം സ്ഥാനമുള്ള നിയുക്ത ജലപാത 2025ല്‍ പൂര്‍ണമായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
 സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന സംയുക്ത സംരംഭമായ കേരള വാട്ടര്‍ വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വില്‍) നാണ് നിര്‍മ്മാണച്ചുമതല.

Back to top button
error: