KeralaNEWS

പോര് മുറുകുന്നു, മുഖ്യമന്ത്രിക്കു മറുപടിയുമായി ഗവർണറുടെ വാർത്താസമ്മേളനം, എല്ലാ വി.സിമാർക്കും തുടരാമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദേശം സർവകലാശാല വി.സിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

കണ്ണൂർ വി.സിക്കെതിരായ വിമർശനത്തെ ന്യായീകരിച്ച ഗവർണർ കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും കണ്ണൂർ വി.സിയെ വിമർശിച്ചു. തന്റെ ഉത്തരവുകൾ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നൽകുന്നില്ല. കേരള വൈസ് ചാൻസലർ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നൽകിയത്. ഞാൻ ആറുവട്ടം അദ്ദേഹത്തെ വിളിച്ചു. എന്നാൽ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാൻ അദ്ദേഹം കൂട്ടാക്കുന്നില്ല.

Signature-ad

സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കേതിക സർവകലാശാല വി.സിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂർ സർവകലാശാല വി.സിക്കും ബാധകമാണ്. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നും ഞാൻ പറയുന്നില്ല. ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണർ എന്ന നിലയ്ക്ക് എനിക്കുന്നുണ്ട്. ഒൻപത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വി.സിമാരുടെ കാര്യവും ഞാൻ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. ഞാൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിർന്ന പലരിൽ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്.

രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ആരും രാജിവച്ചില്ല. അതിനാൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഒരു വി.സി നിയമനത്തിൽ താൻ ഉത്തരവാദിയാണ്. എന്നാൽ ബാക്കി നിയമനങ്ങൾ നടത്തിയത് മുൻപാണ്. ഗവർണറെ സമ്മർദത്തിലാക്കിയാണ് പല നിയമനങ്ങളും നടന്നത്. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അഭിമുഖത്തിനു പോലും വിളിക്കാൻ യോഗ്യതയില്ല. എന്നാൽ യൂണിവേഴ്സിറ്റി നിയമനം നൽകി. ഇത്തരം കാര്യങ്ങൾ നടക്കുന്നതിനാലാണ് താൻ ഇടപെടുന്നത്. എ.ജി എന്നെ തെറ്റദ്ധരിപ്പിച്ചു. നിയമനം സാധുതയുള്ളതാണെന്ന് വിശ്വസിപ്പിച്ചു. നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ചപ്പോൾ അല്ല എന്നു പറഞ്ഞു. സംസ്ഥാനത്തെ മുതിർന്ന അഭിഭാഷകൻ ആണ് ഇങ്ങനെ ചെയ്തതെന്നും ഗവർണർ ആരോപിച്ചു.
മാധ്യമങ്ങളോട് താൻ അകന്നു നിൽക്കുന്നില്ല. അവരോടു ബഹുമാനമാണ്. മാധ്യമങ്ങളോടു പുറത്തു കടക്കാനും സിൻഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്നു തനിക്കറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ‘പിപ്പിടി’ പ്രയോഗവും ഗവര്‍ണര്‍ പരാമർശിച്ചു. ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് ഇന്ന് രാവിലെ 11.30നകം രാജി വയ്ക്കണമെന്നായിരുന്നു ഗവണർ അന്ത്യശാസനം നൽകിയത്. പകരം താല്‍ക്കാലിക വിസിമാരെ ഇന്ന് തന്നെ നിയമിക്കാനുമായിരുന്നു ഗവര്‍ണറുടെ നീക്കം.

വിസിമാരുടെ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെയും ഗവർണർ അധിക്ഷേപിച്ചു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണ് എന്നായിരുന്നു ഗവർണറുടെ ആക്ഷേപം. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.

അതേസമയം, രാവിലെ പതിനൊന്നരയ്ക്ക് മുൻപ് രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ ഒൻപത് സർവകലാശാലാ വിസിമാരും ഹൈക്കോടതിയെ സമീപിച്ചു. രാജിവെക്കേണ്ടതില്ലെന്ന് സർക്കാരും വിസിമാരോട് നിർദേശിച്ചതോടെയാണ് കോടതിയെ സമീപിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖല സ്തംഭിക്കുന്ന വിഷയം ആയതിനാൽ അടിയന്തിരമായി പരിഗണിക്കണമെന്ന വിസിമാരുടെ അഭിപ്രായം അംഗീകരിച്ച ഹൈക്കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് അടിയന്തിര സിറ്റിംഗ് നടത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ആണ് വിസിമാരുടെ ഹർജി പരിഗണിച്ചത്.

9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. മൂന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി. എല്ലാ വിസിമാർക്കും തൽകാലം തുടരാമെന്ന് ഹൈക്കോടതി. രാജി വെക്കണമെന്ന ഗവർണറുടെ കത്ത് അസാധുവാണെന്നും രാജി ആവശ്യപ്പെടാൻ മറ്റൊരാൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന് കത്ത് അസാധുവായി. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. ഇന്ന് 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളിയിരുന്നു. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടത്.

Back to top button
error: