CrimeNEWS

കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് നാലുവയസുകാരന്‍ മരിച്ചു; അമ്മയ്ക്കെതിരെ കൊലക്കുറ്റം

നാല് വയസുകാരന്‍ മരിജുവാന അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചതിന് പിന്നാലെ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. ഡൊറോത്തി അനറ്റ് ക്ലെമന്‍റ് എന്ന മുപ്പതുകാരിക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മകന്‍ ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും അവശ്യ സേവനത്തിന്‍റെ സഹായം തേടാതിരുന്നതിനാലാണ് ഡൊറോത്തിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ജൂറിയെ പ്രേരിപ്പിച്ചത്.

അവശ്യസേവന സര്‍വ്വീസുകളുടെ സഹായം ഉചിതമായ സമയത്ത് ലഭിച്ചിരുന്നുവെങ്കില്‍ നാല് വയസുകാരന് രക്ഷപ്പെടാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മെയ് ആറിനാണ് ഡൊറോത്തിയുടെ നാലു വയസുള്ള മകന്‍ ഗമ്മി കഴിച്ച് അവശ നിലയിലായത്. കുഞ്ഞിനെ അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. അമിതമായ അളവില്‍ മരിജുവാന അടങ്ങിയ ഗമ്മി കഴിച്ചതിനേ തുടര്‍ന്നായിരുന്നു കുഞ്ഞ് അവശ നിലയിലായത്. മരിജുവാന അടങ്ങിയ ഗമ്മി ദഹിക്കാതെ വന്നതും തൊണ്ടയില്‍ കുടുങ്ങിയതുമാണ് മരണകാരണമായി വിലയിരുത്തുന്നത്.

Signature-ad

ഒരു കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന ഗമ്മിയില്‍ പകുതിയിലേറെയും കുഞ്ഞ് കഴിച്ചതായാണ് ഡൊറോത്തി വിശദമാക്കുന്നത്. എന്നാല്‍ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഗമ്മിയുടെ ഒഴിഞ്ഞ കുപ്പിയാണ് കണ്ടെത്താനായത്. കുറ്റം തെളിഞ്ഞാല്‍ 40 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡൊറോത്തിക്കെതിരെ ചുമത്തിയിട്ടുള്ളത്. ലഹരി വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കുഞ്ഞിന്‍റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചതിനും ഡൊറോത്തിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മരിജുവാന അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ ആഹരിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2020 ഏപ്രിലില്‍ മരിജുവാന അടങ്ങിയ കാന്‍ഡി കഴിച്ച് രണ്ട് കുട്ടികള്‍ അവശ നിലയിലായിരുന്നു. 2022 ഏപ്രിലിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കഴിച്ചാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം, ഓക്കാനം, മന്ദിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കാറ്.

Back to top button
error: