മനാമ: ബഹ്റൈൻ പുരുഷ ബാസ്കറ്റ് ബോൾ ടീമിന് ചരിത്രത്തിലാദ്യമായി വനിതാ പരിശീലക. വനിതകൾ സ്പോർട്സിലേയ്ക്ക് കടന്നു വരുന്നതിന് ഒട്ടനവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിനിടയിലാണ് മുപ്പത്തി മൂന്നുകാരിയായ ഫാത്തിമ റിയാദ് പുരുഷ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പരിശീലനക്കുപ്പായം അണിഞ്ഞത്.
ബഹ്റൈനിന്റെ തലസ്ഥാന നഗരമായ മനാമയിലെ പുരുഷ ബാസ്ക്കറ്റ് ബോൾ ടീമായ അൽ നജ്മ ബാസ്‌ക്കറ്റ് ബോൾ ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചായാണ് ഫാത്തിമ ചുമതലയേറ്റത് പുരുഷ മേധാവിത്വമുള്ള പരിശീലന മേഖലയിൽ കടന്നു വരാനായി തയ്യാറെടുത്തപ്പോൾ പലരും തന്റെ കഴിവിൽ സംശയം പ്രകടിപ്പിച്ചിരുന്നെന്നും എന്നാൽ ടീമിന് തന്റെ കഴിവും അർപ്പണ ബോധവും വ്യക്തമായതോടെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഫാത്തിമ പറഞ്ഞു. സ്പോർട്സിലേയ്ക്ക് കടന്നു വന്ന സമയത്ത് വനിതകൾക്ക് വേണ്ട വിധത്തിലുള്ള അംഗീകാരം ലഭിച്ചിരുന്നില്ല. പ്രത്യേകിച്ച് പുരുഷൻമാർക്കായി സംവരണം ചെയ്തിരുന്ന ബാസ്ക്കറ്റ് ബോളിൽ. എന്നാലിപ്പോൾ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വന്നു തുടങ്ങിയതായും അവർ പറഞ്ഞു.
ബാസ്കറ്റ് ബോളിന് പുറമേ സൈക്ളിംഗിലും ടെന്നിസിലും പ്രാവീണ്യമുള്ള ഫാത്തിമ നേരത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാസ്ക്കറ്റ് ബോളിൽ പരിശീലനം നൽകിയിരുന്നു. തെയ്‌ക്വോണ്ടോ മാർഷ്യൽ ആർട്‌സിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുള്ള ഫാത്തിമ റിയാദ് ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പ്രധാന പരിശീലകയായി മാറി ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കണം എന്ന സ്വപ്നത്തിലാണ് കായിക ജീവിതം മുന്നോട്ട് നയിക്കുന്നത്.