മാവേലിക്കര: ചെട്ടികുളങ്ങര കേന്ദ്രീകരിച്ചുനടന്ന കോടികളുടെ നിയമനത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ: ആര്‍. ആനന്ദകുമാറിനെ സസ്‌പെന്‍ഡുചെയ്തു. മാവേലിക്കര പ്രിന്‍സിപ്പല്‍ എസ്.ഐ: മൊഹ്‌സീന്‍ മുഹമ്മദിനെ എറണാകുളം റൂറലിലേക്കു സ്ഥലംമാറ്റി. മറ്റൊരു സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശിവപ്രസാദിനെയും എറണാകുളം ജില്ലയിലേക്കു മാറ്റിയിട്ടുണ്ട്.
എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാര്‍ ഗുപ്തയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ആയിരുന്ന ആനന്ദകുമാര്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ഗുരുതരമായ വീഴ്ചവരുത്തുകയും അച്ചടക്കമില്ലായ്മ കാട്ടുകയും ചെയ്തതായി ഉത്തരവില്‍ പറയുന്നു. നിയമനത്തട്ടിപ്പു കേസിലെ പ്രതികളുമായി അനാവശ്യബന്ധം സൂക്ഷിച്ചു, കേസിന്റെ വിവരങ്ങള്‍ പ്രതികള്‍ക്കു ചോര്‍ത്തിക്കൊടുത്തു, വാദികളുടെ പരാതി പരിഹരിക്കാന്‍ ഇടനിലനിന്നു, വിവരങ്ങള്‍ മേലധികാരികളെ അറിയിക്കാതിരുന്നു, മുഖ്യപ്രതി വിനീഷ് രാജിന്റെ പെറ്റ് ഷോപ്പില്‍നിന്ന് പട്ടിക്കുഞ്ഞുങ്ങളെയും പട്ടിക്കുള്ള ഭക്ഷണവും വാങ്ങി, ഇറച്ചിയും മീനും സൗജന്യമായി കൈപ്പറ്റി എന്നീ കുറ്റങ്ങളും നടപടിക്കു കാരണമായി.
വകുപ്പുതല അന്വേഷണച്ചുമതല അമ്പലപ്പുഴ ഡിവൈ.എസ്.പിക്കാണ്. ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ ആനന്ദകുമാറിനെ വള്ളികുന്നത്തേക്കും ശിവപ്രസാദിനെ ഹരിപ്പാട്ടേക്കും മാറ്റിയിരുന്നു. തുടര്‍ന്നാണ് ആനന്ദകുമാറിനെ സസ്‌പെന്‍ഡുചെയ്തത്.
പരാതിയില്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയതിനാണു മൊഹ്‌സീന്‍ മുഹമ്മദിനെ എറണാകുളം റൂറലിലേക്കു മാറ്റിയത്.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രത്യേകാന്വേഷണസംഘത്തില്‍നിന്നു നേരത്തേ മുഹ്‌സിന്‍ മുഹമ്മദിനെ ഒഴിവാക്കിയിരുന്നു. നിയമനത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന നാലാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ആനന്ദകുമാര്‍.
ദേവസ്വംബോര്‍ഡ്, കരിയിലക്കുളങ്ങര സഹകരണ സ്പിന്നിങ്മില്‍ എന്നിവയിലടക്കം ജോലി വാഗ്ദാനംചെയ്ത് മുഖ്യപ്രതിയും കൂട്ടരും കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് കേസ്.