ബംഗളൂരു: പട്ടയവിതരണ പരിപാടിയ്ക്കിടെ പങ്കെടുക്കുകയായിരുന്ന വീട്ടമ്മയുടെ മുഖത്തടിച്ച് മന്ത്രി. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തിലാണ് സംഭവം. ഇവിടെ 175 ഓളം ആളുകള്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു കര്‍ണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ വി.സോമണ്ണ. ഇതിനിടെ തനിക്ക് പട്ടയം നല്‍കിയില്ലെന്ന പേരില്‍ വീട്ടമ്മ മന്ത്രിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു.
ബഹളത്തിനിടെ മന്ത്രി കോപത്തോടെ വീട്ടമ്മയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ മന്ത്രി സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞു. 3.30ന് എത്തേണ്ടിയിരുന്ന മന്ത്രി രണ്ട് മണിക്കൂറോളം വൈകിയാണ് പരിപാടിയിലെത്തിയത്. ഇതിനിടെയാണ് തല്ല് വിവാദമുണ്ടായത്. മുന്‍പ് ജനതാദള്‍ നേതാവായ എം.ശ്രീനിവാസ് കോളജ് പ്രിന്‍സിപ്പലിനെ തല്ലിയത് കര്‍ണാടകയില്‍ വിവാദമായിരുന്നു. കോളജിലെ കംപ്യൂട്ടര്‍ ലാബിലെ പ്രവര്‍ത്തികളെക്കുറിച്ച് പറയാന്‍ കഴിയാത്തതിന്റെ ദേഷ്യത്തിലായിരുന്നു ഇത്. ചാമരാജനഗറില്‍ മന്ത്രിയുടെ തല്ല് വാങ്ങിയെങ്കിലും വീട്ടമ്മ, മന്ത്രിയുടെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് മടങ്ങിയത്.