ഗവര്‍ണര്‍ക്കെതിരേ എല്‍.ഡി.എഫ് പ്രതിഷേധം; രാജ്ഭവന് മുന്നിലെ സമരത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും.
സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണി നീക്കം. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരേ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നല്കാന് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററില്‍ രാവിലെ 11.30യ്ക്കാണ് യോഗം ആരംഭിച്ചത്.
സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പരസ്യപ്രചരണത്തിന് നേരത്തെ സി.പി.എം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തില്‍ യോജിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എല്‍.ഡി.എഫ് യോഗം ചേര്‍ന്നത്.
സര്‍വകലാശാല വി.സിമാരുടെ നിയമനം, മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരായ തുറന്ന വിമര്‍ശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.