പാലക്കാട്: സ്വന്തംകാര്‍ മോഷ്ടിച്ചതിന്റെ പേരില്‍ ഉടമയും നാല് സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പോലീസ് പിടിയിലായി. കാര്‍ സുഹൃത്തിന് വാടകയ്ക്ക് നല്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരികെ കിട്ടാതായപ്പോള്‍ അന്വേഷിച്ച് കണ്ടെത്തിയ വാഹനവുമായിക്കടന്ന ഉടമയും സുഹൃത്തുക്കളുമാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ സ്വദേശികളായ തൂത വാഴയങ്കാട് ചേരംപറ്റ മുഹമ്മദ് സുനീര്‍ (32), തൈക്കോട് മുഹമ്മദ് നിഷാം (22), ചെര്‍പ്പുളശ്ശേരി സ്വദേശികളായ നെല്ലായ പൊന്നച്ചംതൊടി മുഹമ്മദ് അനസ് (30), നെല്ലായ പൊട്ടച്ചിറ ഉറണിപിലാക്കല് ഷഹീര്‍ അലി (24), ബാസിത്ത് (24) എന്നിവര്‍ക്കെതിരെയാണ് ചിറ്റൂര്‍ പോലീസ് കേസെടുത്തത്.
വാഹനം വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറയുന്നു. തൂത സ്വദേശിയായ മുഹമ്മദ് സുനീറിന്റെ വാഹനം ബന്ധുവായ നിഷാമിന്റെ സുഹൃത്തായ ബാസിതിന് വാടകയ്ക്ക് നല്കി. ബാസിത്ത് ഒറ്റപ്പാലത്തുള്ള അസ്ഹറുദ്ദീന് മറിച്ച് വാടകയ്ക്ക് നല്കി. അസ്ഹറുദ്ദീന് ഇത് കൊടുവായൂര്സ്വദേശിയായ നൗഷാദിന് ആറുമാസത്തേക്ക് 2,65,000 രൂപവാങ്ങി പണയപ്പെടുത്തി. ഇതിനിടെ വാഹനത്തെ സംബന്ധിച്ച് യാതൊരുവിവരവും ലഭിക്കാതിരുന്ന ഉടമ സുനീര്‍ ജി.പി.എസ്. ലൊക്കേഷന്‍ പരിശോധിച്ചാണ് വാഹനം തത്തമംഗലത്തുള്ളതായി അറിഞ്ഞത്. സുഹൃത്തുക്കളുമായെത്തി തത്തമംഗലത്തെ ബേക്കറിക്കുമുന്നില്‍ നിര്‍ത്തിയിരുന്ന വാഹനം ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച്
എടുത്തുകൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് വാഹനം ഉപയോഗിച്ചിരുന്നത് നൗഷാദിന്റെ സുഹൃത്തായ ശ്രീനാഥായിരുന്നു. ഇയാള്‍ ചിറ്റൂര്‍ പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് വാഹനം ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പിടികൂടി. തുടര്‍ന്ന്, വാഹന മോഷണത്തിന് മുഹമ്മദ് സുനീറിനും സുഹൃത്തുകള്ക്കുമെതിരേ കേസെടുത്തു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമതന്നെയാണ് വാഹനം തട്ടിയെടുത്തതെന്ന് ബോധ്യപ്പെട്ടത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.