‘അമേരിക്കയ്ക്കും ഇസ്രയേലിനും തകര്‍ക്കാന്‍ കഴിഞ്ഞത് ഇറാന്റെ മൂന്നിലൊന്ന് മിസൈല്‍ ശേഖരം മാത്രം’; ട്രംപ് മറച്ചുവച്ച യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ഭൂമിക്കടിയില്‍ എത്രയെന്നത് ഇപ്പോഴും അജ്ഞാതം; 30 ശതമാനം കണ്ടെത്തുക പ്രയാസമെന്ന് സമ്മതിച്ച് ഇസ്രയേലും

വാഷിംഗ്ടണ്‍: ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍, ഇറാന്റെ വിപുലമായ മിസൈല്‍ ശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രമാണു നശിപ്പിക്കപ്പെട്ടതെന്ന് യുഎസ് ഇന്റലിജന്‍സ്. അതില്‍ കൂടുതല്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു മൂന്നിലൊന്നിന്റെ അവസ്ഥ അത്ര വ്യക്തമല്ലെങ്കിലും, ബോംബാക്രമണങ്ങള്‍ ആ മിസൈലുകളെ ഭൂഗര്‍ഭ തുരങ്കങ്ങളിലും ബങ്കറുകളിലുംവച്ച് തകര്‍ക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നും സ്രോതസുകള്‍ പറഞ്ഞു. ഇറാന്റെ ഡ്രോണ്‍ ശേഷിയുടെ കാര്യത്തിലും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സമാനമാണെന്നും, മൂന്നിലൊന്ന് നശിപ്പിക്കപ്പെട്ടുവെന്ന കാര്യത്തില്‍ ഒരുപരിധിവരെ ഉറപ്പുണ്ടെന്നും ഒരു സോഴ്സ് പറഞ്ഞു.
ഇറാന്റെ മിക്ക മിസൈലുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ടെഹ്റാനില്‍ ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഖരം അവശേഷിക്കുന്നുണ്ടെന്നും യുദ്ധം നിര്‍ത്തിയാല്‍ തകര്‍ന്നതോ കുഴിച്ചുമൂടപ്പെട്ടതോ ആയ ചില മിസൈലുകള്‍ വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു.
ഇറാന്റെ പക്കല്‍ ‘വളരെ കുറച്ച് റോക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ’ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു വിരുദ്ധമാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തികമായി സുപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെ സംരക്ഷിക്കുന്നതിനുള്ള ഭാവിയിലെ യുഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനിയന്‍ മിസൈലുകളില്‍നിന്നും ഡ്രോണുകളില്‍നിന്നും ഭീഷണി നിലനില്‍ക്കുണ്ടെന്ന് ട്രംപ് അംഗീകരിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ തീരങ്ങളില്‍ യുഎസ് സൈന്യത്തെ വിന്യസിച്ച് സംഘര്‍ഷം വര്‍ധിപ്പിക്കണോയെന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ടെന്നും റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു.
‘കടലിടുക്കിലെ പ്രശ്നം ഇതാണ്- നമ്മള് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു കരുതുക. നമ്മള് അവരുടെ 99% മിസൈലുകളും നശിപ്പിച്ചു എന്ന് പറഞ്ഞാലും, ബാക്കിയുള്ള ഒരു ശതമാനം തള്ളിക്കളയാനാകില്ല. ഒരു ശതമാനം മിസൈല്‍ ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു കപ്പലിന്റെ ഉള്ളിലേക്ക് തുളച്ചുകയറാന്‍ സാധ്യതയുണ്ട്’- ട്രംപ് പറഞ്ഞു.
യുദ്ധം തുടങ്ങിയതിന് ശേഷം ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഏകദേശം 90% കുറഞ്ഞെന്നു പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍, നാവിക ഉല്‍പ്പാദന കേന്ദ്രങ്ങളുടെയും കപ്പല്‍ശാലകളുടെയും 66 ശതമാനത്തിലധികം തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഇറാന്റെ ആയുധശേഖരത്തെ ബാധിച്ചു എന്ന ട്രംപിന്റെ അവകാശവാദങ്ങളെ ഇറാഖില്‍ നാലുതവണ സേവനമനുഷ്ഠിച്ച മറൈന്‍ കോര്‍പ്സ് വെറ്ററന്‍ കൂടിയായ ഡെമോക്രാറ്റിക് പ്രതിനിധി സേത്ത് മോള്‍ട്ടണ്‍ തള്ളിക്കളഞ്ഞു. ‘ഇറാന് ബുദ്ധിയുള്ളവരാണെങ്കില്‍ അവര്‍ തങ്ങളുടെ ചില കഴിവുകള്‍ കരുതിവെച്ചിട്ടുണ്ടാകും. അവര്‍ തങ്ങളുടെ പക്കലുള്ളതെല്ലാം ഉപയോഗിക്കുന്നില്ല. അവര്‍ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ്’- മോള്‍ട്ടണ്‍ പറഞ്ഞു.

ഇറാന്റെ മിസൈലുകളാണ് യുഎസിന്റെ പ്രധാന ലക്ഷ്യം
ഇറാന്റെ നാവികസേനയെ മുക്കി കളഞ്ഞും, മിസൈല്‍ ഡ്രോണ്‍ ശേഷികള്‍ നശിപ്പിച്ചും, ഇസ്ലാമിക് റിപ്പബ്ലിക് ഒരിക്കലും ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയും ഇറാന്റെ സൈനിക ശക്തി കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇറാന് നേരെ യുഎസും ഇസ്രായേലും ആക്രമണം തുടങ്ങുന്നതിന് മുമ്പ് തയ്യാറാക്കിയ പ്ലാനുകളേക്കാള്‍ വേഗത്തിലോ അല്ലെങ്കില്‍ നിശ്ചിത സമയത്തോ തന്നെയാണ് ആക്രമണം നടക്കുന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ബുധനാഴ്ചവരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ പതിനായിരത്തിലധികം ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങളില്‍ പതിച്ചിട്ടുണ്ട്. ഇറാനിയന്‍ നാവികസേനയുടെ വലിയ കപ്പലുകളുടെ 92 ശതമാനവും മുക്കിക്കളഞ്ഞു. ഇറാന്റെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ചിത്രങ്ങള്‍ യുഎസ് സൈന്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിസൈല്‍ ഡ്രോണ്‍ ശേഖരങ്ങളെ മാത്രമല്ല, അവ നിര്‍മ്മിക്കുന്ന വ്യവസായത്തെയും കൂടിയാണ് ലക്ഷ്യം വയ്ക്കന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. എന്നാല്‍, ഇറാന്റെ മിസൈല്‍ അല്ലെങ്കില്‍ ഡ്രോണ്‍ ശേഷി കൃത്യമായി എത്രത്തോളം നശിപ്പിക്കപ്പെട്ടെന്നു വ്യക്തമാക്കാന്‍ വിസമ്മതിച്ചു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് എത്ര ഇറാനിയന്‍ മിസൈലുകള്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ ശേഖരിച്ചിരുന്നു എന്ന് നിര്‍ണയിക്കാന്‍ കഴിയാത്തതാണ് പ്രശ്നമെന്ന് സോഴ്സ് പറയുന്നു. യുദ്ധത്തിന് മുമ്പ് ഇസ്രായേലില്‍ എത്താന്‍ ശേഷിയുള്ള 2,500 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടായിരുന്നെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 335-ലധികം മിസൈല്‍ ലോഞ്ചറുകള്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ഇത് ഇറാന്റെ വിക്ഷേപണ ശേഷിയുടെ 70 ശതമാനമാണെന്നു മുതിര്‍ന്ന ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍, ബാക്കിയുള്ള 30 ശതമാനം ഇല്ലാതാക്കുക പ്രയാസകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആവനാഴിയില്‍ ഇനിയും
യുഎസ് ആക്രമണങ്ങളുടെ കനത്ത വേഗതയ്ക്കിടയിലും, തങ്ങളുടെ പക്കല്‍ ആയുധങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് ഇറാന് തെളിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും ഇറാന് പ്രയോഗിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച ഇറാനിയന്‍ സേന ആദ്യമായി ഇന്ത്യന്‍ സമുദ്രത്തിലെ യുഎസ്-യുകെ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈലുകള്‍ തൊടുത്തു.
യുഎസ് ആക്രമണങ്ങള്‍ ഇറാനിയന്‍ ശേഷിയെ എത്രത്തോളം തകര്‍ത്തെന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം അതിശയോക്തി കലര്‍ത്തിയെന്ന് പാരീസിലെ സയന്‍സസ് പോ യൂണിവേഴ്സിറ്റിയിലെ ഇറാന്റെ മിസൈല്‍ സേനയെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെയും കുറിച്ചുള്ള വിദഗ്ദ്ധയായ നിക്കോള്‍ ഗ്രജേവ്സ്കി പറഞ്ഞു. കനത്ത ബോംബാക്രമണം നടന്ന ബിഡ് കാനെ സൈനിക താവളത്തില്‍ നിന്ന് ഇപ്പോഴും ആക്രമണം നടത്താന്‍ ഇറാന് കഴിയുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇറാന്റെ തുരങ്കങ്ങള്‍
ഇറാന്റെ മിസൈല്‍ ശേഷി കൃത്യമായി വിലയിരുത്താനുള്ള അമേരിക്കയുടെ കഴിവിനെക്കുറിച്ച് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് സംശയം പ്രകടിപ്പിച്ചു. എത്രയെണ്ണം ഭൂമിക്കടിയിലാണെന്നും ഏത് രീതിയില്‍ അവ ലഭ്യമാണെന്നും വ്യക്തമല്ലാത്തതാണ് ഇതിന് കാരണം. ‘നമുക്ക് എപ്പോഴെങ്കിലും കൃത്യമായ ഒരു സംഖ്യ ലഭിക്കുമോ എന്ന് എനിക്കറിയില്ല’- ഉദ്യോഗസ്ഥന് പറഞ്ഞു.
#IranIsraelWar, #USArmy, #MissileStrike, #Geopolitics, #MilitaryStrategy, #HormuzStrait, #IranNews, #USIntelligence, #DefenseAnalysis, #WarUpdates, #GlobalConflict2026, #TechnologicalWarfare, #AirStrike, #BreakingNews #ഇറാൻയുഎസ് യുദ്ധം, #മിസൈൽശേഖരം, #ഇസ്രായേൽഇറാൻ, #ഡൊണാൾഡ് ട്രംപ്, #പെന്റഗൺ, #ഹോർമുസ് കടലിടുക്ക്, #പ്രതിരോധവാർത്തകൾ, #ലോകവാർത്തകൾ, #യുദ്ധവാർത്തകൾ, #IranConflict2026, #USIntelligence, #HormuzStrait, #MissileStrike #IranWar, #MiddleEastCrisis, #DonaldTrump, #IsraelWar, #MalayalamNews, #BreakingNews, #GlobalConflict, #WarUpdates, #Pentagon, #IranMissile, #WorldNewsMalayalam, #ഇറാൻ, #യുദ്ധം, #അമേരിക്ക






