Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsPravasiWorld

വെടിനിര്‍ത്തി തടിയൂരാന്‍ പറ്റില്ല; ‘കരാറുണ്ടാക്കുമ്പോള്‍ ഇറാന്‍ വിലപേശില്ലെന്ന് ഉറപ്പാക്കണം; മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകരുത്; ഹോര്‍മൂസ് വച്ച് കളിക്കരുത്’; ട്രംപിന് കര്‍ശന നിര്‍ദേശം നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനെതിരേ ഒറ്റക്കെട്ട്

ദുബായ്: ഇറാനുമായുള്ള കരാര്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാത്രമായിരിക്കരുതെന്നും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ സ്ഥിരമായി നിയന്ത്രിക്കുന്നതാകണമെന്നും, ആഗോള ഊര്‍ജ്ജ വിതരണത്തെ ഇനി ഒരിക്കലും ‘ആയുധമാക്കില്ല’ എന്ന് ഉറപ്പാക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു ഗള്‍ഫ് അറബ് രാജ്യങ്ങള്‍.

ലോകത്തെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനു നല്‍കിയ സമയപരിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇറാന്റെ ഊര്‍ജ്ജ പ്ലാന്റുകള്‍ നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Signature-ad

ഇറാന്‍ യുദ്ധം എങ്ങനെ അവസാനിക്കുമെന്നല്ല, മറിച്ച് അതിനുശേഷം എങ്ങനെയുള്ള ഒരു പ്രാദേശിക ക്രമമായിരിക്കും നിലവില്‍ വരിക എന്നതാണ് ഗള്‍ഫ് നയതന്ത്രജ്ഞര്‍ നേരിടുന്ന പ്രധാന ചോദ്യമെന്ന് നാല് ഗള്‍ഫ് സോഴ്‌സുകള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വെറുമൊരു വെടിനിര്‍ത്തല്‍ ‘മതിയാകില്ല’

ഇസ്ലാമിക് റിപ്പബ്ലിക് തങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വഴികളൊന്നും (off-ramp) ബാക്കി വെച്ചിട്ടില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വാഷിംഗ്ടണുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടയില്‍ ഇറാനില്‍നിന്ന് നിരന്തരം ഈ രാജ്യങ്ങളിലേക്ക് ആക്രമണമുണ്ടായി.

ഊര്‍ജ- പൊതു ആസ്തികള്‍ക്ക് നേരെയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, എണ്ണ-കപ്പല്‍ ഗതാഗത പാതകള്‍ക്ക് നേരെയുള്ള ഭീഷണികള്‍, നിഴല്‍ യുദ്ധങ്ങള്‍ (proxy warfare) എന്നിവയില്‍ നടപ്പിലാക്കാന്‍ കഴിയുന്ന നിയന്ത്രണങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് ഭാവിയില്‍ യുദ്ധോപകരണമായി ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന രീതിയില്‍ യുദ്ധ നിയമങ്ങള്‍ തിരുത്തിയെഴുതണമെന്നും ഭാവിയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളെയും ഉള്‍പ്പെടുത്തണമെന്നും അവര്‍ പറയുന്നു.

‘യുദ്ധം നിര്‍ത്താന്‍ ഇറാനെ പ്രേരിപ്പിക്കുക എന്നതല്ല യഥാര്‍ത്ഥ വെല്ലുവിളി, മറിച്ച് ഈ സാഹചര്യങ്ങള്‍ക്ക് കാരണമായ അതേ ഘടകങ്ങളിലേക്ക് ഗള്‍ഫ് മേഖല വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നില്ലെ’ന്ന് ഉറപ്പാക്കണമെന്ന് എമിറേറ്റ്സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്‌തെസാം അല്‍-കെര്‍ബി പറഞ്ഞു. യുദ്ധത്തെ വെറുമൊരു പ്രതിസന്ധിയായല്ല, മറിച്ച് യുദ്ധത്തിന് ശേഷവും ലോക സമ്പദ്വ്യവസ്ഥയെ ബന്ദിയാക്കാന്‍ ഇറാനെ അനുവദിക്കണമോ എന്നതിനെക്കുറിച്ചുള്ള പരീക്ഷണമായാണ് കാണുന്നതെന്ന് അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍-ഒതൈബ പറഞ്ഞു.

‘ലളിതമായ ഒരു വെടിനിര്‍ത്തല്‍ കൊണ്ടുമാത്രം കാര്യമായില്ല’- വോള്‍ സ്ട്രീറ്റ് ജേണലിലെ തന്റെ കോളത്തില്‍ ഒതൈബ എഴുതി. ‘ഇറാന്റെ എല്ലാ ഭീഷണികളെയും അഭിസംബോധന ചെയ്യുന്ന നിര്‍ണ്ണായകമായ ഒരു ഫലം നമുക്ക് ആവശ്യമാണ്: ആണവ ശേഷി, മിസൈലുകള്‍, ഡ്രോണുകള്‍, ഭീകരവാദ നിഴല്‍ ഗ്രൂപ്പുകള്‍, അന്താരാഷ്ട്ര കടല്‍പ്പാതകള്‍ ഉപരോധിക്കുന്നത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടണം’. ‘മിസൈലുകള്‍, ഡ്രോണുകള്‍, നിഴല്‍ യുദ്ധങ്ങള്‍ എന്നിവ മാത്രം താല്‍ക്കാലികമായി മാറ്റിവെക്കുന്ന കരാര്‍ വീണ്ടുമൊരു സംഘര്‍ഷത്തെ വൈകിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ’ എന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജ കയറ്റുമതിയെയും യാത്രയെയും വളരെയധികം ആശ്രയിക്കുന്ന ഗള്‍ഫ് സമ്പദ്വ്യവസ്ഥകളെ യുദ്ധം കഠിനമായി ബാധിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഊര്‍ജ്ജ വില വര്‍ദ്ധിപ്പിക്കുകയും വിതരണ ശൃംഖലയെ തകര്‍ക്കുകയും പണപ്പെരുപ്പം കൂട്ടുകയും ചെയ്തുകൊണ്ട് ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ചു.

ഇറാന്റെ വിപുലമായ മിസൈല്‍ ശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നു മാത്രമാണ് അമേരിക്കയ്ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്. തങ്ങളുടെ സംശയം അനുഭവങ്ങളില്‍ വേരൂന്നിയതാണെന്ന് ഗള്‍ഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയുടെ ഭാഗമായ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 2015-ലെ കരാറിലൂടെ പരിമിതപ്പെടുത്തിയിരുന്നു (ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഇറാന്‍ നിഷേധിക്കുന്നുണ്ടെങ്കിലും). എന്നാല്‍ മിസൈലുകള്‍, ഡ്രോണുകള്‍, നിഴല്‍ യുദ്ധങ്ങള്‍, സമുദ്ര സുരക്ഷാ ഭീഷണികള്‍ എന്നിവയിലൂടെ മേഖലയെ ഭീഷണിപ്പെടുത്താനുള്ള ശേഷി ടെഹ്റാന്‍ അപ്പോഴും നിലനിര്‍ത്തിയിരുന്നു. മേഖലയില്‍ സ്ഥിരത കൈവരണമെങ്കില്‍ ആ സാധ്യതകള്‍ ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പറയുന്നു.

 

വാഷിംഗ്ടണിലേക്ക് അടുപ്പിക്കുന്നു

സാമ്പത്തിക തകര്‍ച്ചയും പ്രത്യാക്രമണങ്ങളും ഭയന്ന് ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നെന്നും സോഴ്‌സുകള്‍ പറയുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവ യുദ്ധം നേരിടാന്‍ തയാറാണെന്നും യുദ്ധാനന്തര ഇറാന് ഹോര്‍മുസ് കടലിടുക്ക് ഒരു വിലപേശല്‍ ഉപാധിയായോ ബ്ലാക്ക്മെയിലിംഗിനായോ ഉപയോഗിക്കാന്‍ അവസരം നല്‍കരുതെന്നും വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ഇറാനുമായുള്ള ഏതൊരു കരാറും ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ നേരിട്ട് അഭിസംബോധന ചെയ്യുകയും ഉറപ്പുനല്‍കുകയും വേണമെന്ന് സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘അമേരിക്ക സ്വന്തം താല്‍പ്പര്യങ്ങളും ഇസ്രായേലിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള ഞങ്ങളുടെ ഊഴമാണ്’- അദ്ദേഹം പറഞ്ഞു.

ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഈ സന്ദേശത്തിന് ശക്തി പകര്‍ന്നു. ഗള്‍ഫ് സുരക്ഷയെ അവഗണിക്കുന്ന ഏതൊരു ഒത്തുതീര്‍പ്പിനും എതിരെ അവര്‍ ഐക്യത്തോടെ നിലകൊള്ളുമെന്ന് സൂചിപ്പിച്ചു.

ഗള്‍ഫ് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും സിവില്‍ ഇന്‍ഫ്രാസ്ട്രക്ചറിനും സമുദ്ര ഗതാഗതത്തിനും നേരെ 5,000 മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസെം അല്‍-ബുദൈവി പറയുന്നു. ഇറാന്‍ ‘എല്ലാ പരിധികളും ലംഘിച്ചു’ എന്നാണ് അദ്ദേഹം പറഞ്ഞത്. വലിയ യുദ്ധം ഒഴിവാക്കാന്‍ ഗള്‍ഫ് സംയമനം പാലിച്ചെങ്കിലും തങ്ങളെ വീണ്ടും ലക്ഷ്യമിടുന്നത് അംഗീകരിക്കില്ലെന്നും, രാഷ്ട്രീയമായ വഴി തന്നെയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കിലും ഓരോ രാജ്യത്തിനും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

#ഗൾഫ്വാർത്തകൾ, #ഇറാൻയുഎസ് യുദ്ധം, #മിസൈൽനിയന്ത്രണം, #ഹോർമുസ് കടലിടുക്ക്, #ഡൊണാൾഡ് ട്രംപ്, #ഗൾഫ് സുരക്ഷ, #ആഗോളഎണ്ണവിപണി, #യുഎഇ, #സൗദിഅറേബ്യ, #പ്രതിരോധം, #GulfNews, #IranWar2026, #HormuzStrait, #GlobalEnergy, #USMilitary #IranWarUpdates, #GulfCountries, #BreakingNewsMalayalam, #WorldPolitics, #MilitaryAnalysis, #WarEconomy, #GlobalCrisis2026, #PentagonReport, #StrategicPartnership, #DefenseAlert, #ഇറാൻ, #ഗൾഫ്, #യുദ്ധവാർത്തകൾ, #അന്താരാഷ്ട്രവാർത്തകൾ, #മലയാളംവാർത്തകൾ, #ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: