ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, അങ്ങനെ വന്നാൽ ഇക്കുറി ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു- സുരേഷ് ഗോപി

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് ജയിച്ച് നിയമസഭയിലെത്താമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു’ -സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടകാര്യം വിവാദമാക്കിയത് ‘മറ്റേ ഗുണം’ ഉള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘രാജീവ് ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതുകൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേ ഗുണത്തിൽപ്പെട്ടവരാണ്. താൻ ‘പ്രജ’ എന്നുപറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്നുപറയുന്നു. പ്രജ എന്നതിൽത്തന്നെ രാജയുണ്ട്. ചൊറിയുന്നവർക്കുവേണ്ടിയാണ് അതേപദം വീണ്ടും വീണ്ടും പറയുന്നത്’ -സുരേഷ് ഗോപി വിശദീകരിച്ചു.






