Breaking NewsLead NewsNEWSWorld

യുദ്ധത്തിന് എങ്ങനെയെങ്കിലും അന്ത്യം കുറിക്കാൻ തയാറായി ട്രംപ്!! ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല- വെളിപ്പെടുത്തലുമായി ഇസ്രയേൽ ഉദ്യോ​ഗസ്ഥർ

ടെൽ അവീവ്: താനായി തുടങ്ങിവച്ച പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾക്ക് പരമാവധി ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി ചേർന്ന് യുഎസ് തുടങ്ങിവെച്ച സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായി ഒരു കരാറിലെത്താൻ ട്രംപ് താൽപ്പര്യപ്പെടുന്നുവെന്ന് മൂന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിനായി യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ലെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

മുൻപു പറഞ്ഞതുപോലെ തന്നെ ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും മിസൈൽ ശേഷിയും പരിമിതപ്പെടുത്തണം എന്നതടക്കമുള്ള അമേരിക്കയുടെ കർശനമായ നിബന്ധനകളാണ് ഇപ്പോഴുമുള്ളത്. എന്നാൽ അവർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതേസമയം ഇസ്രയേലും യുഎസുമായി ചർച്ചകൾ നടക്കുന്നെന്ന വാദം ഇറാൻ നിഷേധിച്ചിട്ടുണ്ടെങ്കിലും പാക്കിസ്ഥാനും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മധ്യസ്ഥത വഹിക്കുന്നതായുള്ള ചില സൂചനകളും പുറത്തുവരുന്നുണ്ട്.

Signature-ad

മാത്രമല്ല ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെ തന്നെ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്കുള്ള സാധ്യത തകർന്നതായി ഈ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. നയതന്ത്ര ശ്രമങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാക്രമണങ്ങൾ തുടരുന്നത് മേഖലയിൽ വലിയ ആശങ്ക ഉളവാക്കുന്നുണ്ട്.

അതുപോലെ ഒരു വശത്ത് സമാധാനത്തിനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ യുദ്ധസമാനമായ സാഹചര്യവും നിലനിൽക്കുന്ന സങ്കീർണ്ണമായ അവസ്ഥയാണ് നിലവിൽ പശ്ചിമേഷ്യയിലുള്ളത്. ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായേക്കില്ല.

അതേസമയം, ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കരാർ ഉറപ്പാക്കാൻ ഇസ്രയേലും അമേരിക്കയും നേടിയ സൈനിക നേട്ടങ്ങൾ ഉപയോഗിക്കാമെന്ന് ട്രംപ് വിശ്വസിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നയതന്ത്രത്തിലൂടെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) യുഎസ് സൈന്യവും നേടിയ ‘ശക്തമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ’ സാധ്യതയുണ്ടെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം, നേരിട്ടുള്ള ചർച്ചകൾ നിഷേധിക്കുമ്പോഴും, ഇറാൻ മധ്യസ്ഥർ വഴി നയതന്ത്ര ശ്രമങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈജിപ്ത്, പാക്കിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവ യുഎസിനും ഇറാനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നതായി ഒരു യൂറോപ്യൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ചേക്കാമെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഉപദേശകൻ ജാരെഡ് കുഷ്‌നർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഇസ്ലാമാബാദിൽ ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയേക്കാമെന്ന്‌ ഈ റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി ചർച്ചകൾക്ക് സൗകര്യമൊരുക്കാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ഒമാനുമായി ചർച്ച നടത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: