
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ വരികൾ ആവർത്തിച്ചത്. ഈ വരികളിലൂടെ തന്നെ കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കരഘോഷം ഉയർന്നു. ശബരിമലയിൽ നിന്ന് അയ്യപ്പന്റെ സ്വർണം എൽഡിഎഫ് കൊള്ളയടിച്ചുവെന്നും അതിന് പകരം ചെമ്പ് വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മറുവശത്ത്, എല്ലാ പ്രസംഗങ്ങളിലും മതവും ക്ഷേത്രങ്ങളും ഉയർത്തിപ്പറയുന്ന നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ മൗനം പാലിച്ചുവെന്നും രാഹുൽ വിമർശിച്ചു. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽ നിന്നു സ്വർണം കവർന്നിട്ടും മോദി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദിയെന്നും, അതിനാലാണ് ഇവിടെ എൽഡിഎഫിന് പിന്തുണ നൽകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ അവരുടെ അഴിമതി ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുമെന്ന് മോദിക്ക് അറിയാമെന്നും, ഡൽഹിയിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന ബോധ്യമാണ് കേരളത്തിൽ എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






