യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു… ഞങ്ങളുടെ നിലപാട് വ്യക്തമാണ്!! യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള അഭ്യർഥനകൾ സ്വാഗതാർഹം, എന്നാൽ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ

ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിനും യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന പാക്കിസ്ഥാൻ നിലപാട് തള്ളി ടെഹ്‌റാൻ. ഇതുവരെ യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരു വിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു.
അതുപോലെ പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ‘യുഎസുമായി ഇതുവരെ നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. പക്ഷെ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഞായറാഴ്ചയാണ് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇസ്ലാമാബാദിൽ നടന്ന ദീർഘസമയത്തെ ചർച്ചയ്ക്ക് പിന്നാലെ ആയിരുന്നു പാക്കിസ്ഥാന്റെ പ്രസ്താവനയെത്തിയത്. ഇറാൻ സർക്കാരിലെ മുതിർന്ന മന്ത്രിമാരുമായി പലവട്ടം ഫോണിൽ താനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സംസാരിച്ചതായും ദർ അവകാശപ്പെട്ടിരുന്നു. മാത്രമല്ല, യുഎസ് ഭരണകൂടവുമായും സജീവചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം പാടെ തള്ളുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്.






