പിണറായി സർക്കാർ ചരിത്രം തിരുത്തിക്കുറിക്കുമോ? കേരളം ഇത്തവണ ആർക്കൊപ്പം? മാധ്യമ സർവേകൾ പറയുന്നത് ഇങ്ങനെ…

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊടും ചൂടിലേക്ക് കടന്നിരിക്കെ ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചർച്ചകളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് സർവേകളും നടത്തിക്കഴിഞ്ഞു. എന്നാൽ എല്ലാ സർവേക്കും അപ്പുറം വോട്ടർമാർമാരായിരുക്കും ഏപ്രിൽ 9 ന് യഥാർത്ഥ വിധിയെഴുതുക. എങ്കിലും സമീപകാല തെരഞ്ഞെടുപ്പു സർവ്വേകൾ വിശദമായി പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാണ്. കേരള ചരിത്രത്തിൽ സമാനതകളില്ലാതെ 10 വർഷം ഒരു സർക്കാർ തുടർഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും തന്നെ അലയടിക്കുന്നില്ലായെന്നത്.
അതായത് ഓരോ അഞ്ച് വർഷം കഴിയുമ്പോഴും സർക്കാരുകളെ മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന കേരള ജനത രണ്ട് ടേം പൂർത്തിയാക്കിയ ഒരു മുന്നണിയെ തന്നെ വീണ്ടും തെരഞ്ഞെടുക്കുന്നതിൽ എതിർപ്പ് കാണിക്കുന്നില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഈ സർവേകളെല്ലാം ഇഴകീറി പരിശോധിച്ചാൽ എൽഡിഎഫിന്റെ തുടർഭരണത്തിനാണ് കേരളത്തിലെ വോട്ടർമാർ മുൻഗണന നൽകുന്നത്. ‘ഓൺമനോരമ’യുടെ ഏറ്റവും പുതിയ പോൾ പ്രകാരം പത്ത് വർഷത്തെ ഭരണത്തിന്റെ തുടർച്ചയായി പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82% പേരും ആഗ്രഹിക്കുന്നുണ്ട്. അതായത് എൽഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും ‘വികസന പ്രതിച്ഛായ’ അതിനെയെല്ലാം മറികടക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നു.
ചുരുക്കത്തിൽ, നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന എല്ലാ മാധ്യമ സർവ്വേകളും എൽഡിഎഫിന് തന്നെ മുൻതൂക്കം നൽകുന്നു. കേരളത്തിന്റെ മുൻകാല തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ (2021 കൂടാതെ) ഭരണപക്ഷത്തേക്കാൾ പ്രതിപക്ഷത്തിന് വോട്ടെടുപ്പിലും പ്രചരണത്തിലുമെല്ലാം മേൽക്കൈ ഉള്ളതായി കാണാനാകും. എന്നാൽ നിലവിലുള്ള സർവേകളെല്ലാം പത്ത് വർഷത്തെ ഭരണം ഇടതുമുന്നണിക്ക് മത്സരരംഗത്തു നൽകുന്ന വ്യക്തമായ മുൻതൂക്കത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ഇതു സൂചിപ്പിക്കുന്നത് കഴിഞ്ഞ ദശകത്തിൽ കേരളത്തിലുണ്ടായ മാറ്റം അടിസ്ഥാന സൗകര്യ വികസനത്തിൽതന്നെ പ്രകടമാണ് എന്നതാണ്. തടസപ്പെട്ട് കിടന്നതോ, ഉപേക്ഷിച്ചതോ ആയ പല പ്രധാന പദ്ധതികളും എൽഡിഎഫ് സർക്കാർ പൂർത്തിയാക്കുകയോ, മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ദേശീയപാത വികസനം. എൻഎച്ച് 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ 5,580 കോടി രൂപയാണ് ചിലവഴിച്ചത്.
അതുപോലെ ഈ 10 വർഷംകൊണ്ട് സംസ്ഥാനത്തുടനീളം പുതിയ പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷൻ ഭവന പദ്ധതി (ഇതുവരെ ഏകദേശം 4.7 ലക്ഷം വീടുകൾ) എന്നിവ ഈ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. വിവാദങ്ങളേക്കാൾ ഇത്തരത്തിലുള്ള ‘വികസനത്തിനാണ്’ വോട്ടർമാർ മുൻഗണന നൽകുന്നതെന്നാണ് ഓൺമനോരമയുടെ സർവ്വേ പറയുന്നത്.
കേരളവും കേരള രാഷ്ട്രീയവും ഒരു വഴിത്തിരിവിൽ
ഏതായാലും കേരളവും കേരള രാഷ്ട്രീയവും ഒരു വഴിത്തിരിവിലാണ് എന്നത് നമുക്ക് കണ്ണുംപൂട്ടി പറയാൻ സാധിക്കും. വോട്ടർമാർ ഒരു സുസ്ഥിര സർക്കാരിനെ പിന്തുണയ്ക്കുമോ? അതോ ചിതറിപ്പോകും വിധത്തിലുള്ള വിധിയെഴുത്തുണ്ടാകുമോ? ഈ രണ്ട് ചോദ്യങ്ങൾക്കാണ് ഉത്തരമുണ്ടാകേണ്ടത്. വികസനം നിലനിർത്താൻ വ്യക്തമായ ജനവിധി വേണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്. പിണറായി വിജയന്റെ പത്ത് വർഷത്തെ ഭരണം വളർച്ചയും സാമൂഹിക സ്ഥിരതയും കൊണ്ടുവന്നു എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.
അതായത് സംസ്ഥാനം ആദ്യമായി അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി, 2025 നവംബർ 1-ന് അതിദാരിദ്ര്യം നിർമ്മാർജ്ജന സംസ്ഥാനമായി കേരളത്തെ സർക്കാർ പ്രഖ്യാപിച്ചു. ഇതിനൊപ്പം 60 ലക്ഷത്തിലധികം കുടുംബങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും എല്ലാം ഭരണത്തുടർച്ചയ്ക്കുള്ള വാദങ്ങളായി അവർ ഉയർത്തുന്നു. എന്നാൽ ഒരു തൂക്കുസഭ വന്നാൽ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയുമാണ് ചെയ്യും.
കേരളം ഭാവിയിലെ സാങ്കേതിക ഹബ്ബ്
കേരളത്തെ കുറിച്ച് നിക്ഷേപകരുടെ മുൻധാരണകളെ പൊളിക്കാനായി എന്നും എൽഡിഎഫ് പറയുന്നു. വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് പ്രായോഗിക പദ്ധതികളായി മാറിയത്. ‘സംരംഭക വർഷം’ പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
നീതി ആയോഗിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തി. വി-ഗാർഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തിൽ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കി. അതുപോലെ കെയ്ൻസ് ടെക്‌നോളജി പെരുമ്പാവൂരിൽ 350 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. വർഷങ്ങളായി പൂട്ടിക്കിടന്ന ട്രാവൻകൂർ റയോൺസിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ൻസിന് സർക്കാർ കൈമാറിയത്. ഈ പദ്ധതികൾ കേരളത്തിന്റെ വ്യവസായ വിപ്ലവത്തിന് കരുത്തേകുന്നവയാണ്. ചുരുക്കത്തിൽ, സാമ്പത്തിക മുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സർക്കാരിനാണെന്ന് എല്ലാ റിപ്പോർട്ടുകളിലും ഊന്നിപ്പറയുന്നത് സർക്കാരിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നുണ്ട്. കേരളം ഒരു ഭാവി സാങ്കേതിക ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.
ടെക്‌നോപാർക്ക് നാലാം ഘട്ടം (ടെക്‌നോസിറ്റി) ഇതിന് ഉദാഹരണമാണ്. 389 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ഐ.ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ടെക്‌നോപാർക്കിൽ നിലവിൽ 500-ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളും ജോലി നോക്കുന്നു. നാലാം ഘട്ടം കൂടി വരുന്നതോടെ വരും വർഷങ്ങളിൽ കേരളത്തിന്റെ ഐടി തൊഴിൽശക്തി ഇരട്ടിയായി മാറുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
സ്‌പേസ് റിസർച്ച്, എ.ഐ, സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ തുടങ്ങിയവയ്ക്കായി സ്‌പെഷ്യൽ സോണുകൾ പദ്ധതിയിട്ടു. കേരളത്തിന്റെ വളർച്ചയിൽ സുപ്രധാനമായ സ്ഥാനം സാങ്കേതിക വിദ്യകൾക്കും വരുംതലമുറ വ്യവസായങ്ങൾക്കും ഉണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് കേരള സർക്കാർ മുന്നോട്ടുപോകുന്നത്. എഐ (AI) സിറ്റി, സ്‌പേസ് പാർക്ക്, ഡിജിറ്റൽ സർവകലാശാലയുടെ വികസനം എന്നിവ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ഭാവി സമ്പദ് വ്യസ്ഥയെ കെട്ടിപ്പടുക്കുന്നതിന്റെ സൂചനകളാണ് നൽകുന്നത്. ദീർഘവീക്ഷണത്തോടെയുള്ള ഈ നയപരിപാടികൾ, ഇടതുപക്ഷം കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയെ മാനേജ് ചെയ്യുകയല്ല മറിച്ച് സൃഷ്ടിച്ചെടുക്കുകയാണെന്ന ബോധ്യമാണ് പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുന്നത്.
പ്രതിപക്ഷത്തിന്റെ വെല്ലുവിളികൾ ശക്തമോ?
ഇനി പ്രതിപക്ഷത്തേക്ക് നോക്കിയാൽ രണ്ട് ടേമിലായി പത്തു വർഷം അധികാരത്തിലിരിക്കുന്ന സർക്കാരിനെ വെല്ലുവിളിക്കാൻ അവർക്കാകുന്നില്ല എന്നതും ചർച്ച ചെയ്യേണ്ടതാണ്. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ ഒന്നും തന്നെ ജനങ്ങളിലേക്ക് കാര്യമായി എത്തുന്നില്ല. കേരളത്തിന്റെ മുൻഗണനകളുമായി ഒത്തുപോകാൻ അവരുടെ ദേശീയ നേതൃത്വത്തിന് സാധിക്കുന്നില്ല. കേരളത്തിനു വെളിയിലെ വിദ്വേഷ- വിഭജന രാഷ്ട്രീയത്തിൽ കേരളത്തിലെ വോട്ടർമാർക്ക് താൽപര്യമില്ലെന്നാണ് ഓരോ വിലയിരുത്തലുകളിലും കാണുന്നത്.
ഒരുമയുടെ കേന്ദ്രമായി കേരളം ഇന്നു നിലനിൽക്കുന്നതിൽ ഇടതുപക്ഷത്തിന്റെ സെക്യുലർ ഭരണം തീർച്ചയായും വലിയ പങ്കുവഹിക്കുന്നുണ്ട്. ശബരിമല പോലുള്ള വിഷയങ്ങളോ, ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ, വോട്ടർമാരെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ മനോഭാവം വ്യക്തമാണ്. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്കാണ് ജനങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന സർവ്വേകളെല്ലാം എൽഡിഎഫിന് മുൻതൂക്കം പ്രവചിക്കുകയും തെരഞ്ഞെടുപ്പ് എത്ര അടുത്തായാലും ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നുമാണ്. ഏഷ്യാനെറ്റ് അഫിലിയേറ്റഡ് സർവ്വേകൾ പോലും കഴിഞ്ഞ തവണ എൽഡിഎഫ് 70-ൽ അധികം സീറ്റുകളോടെ ഭരണത്തുടർച്ച നേടുമെന്നാണ് പ്രവചിച്ചത്. ബിജെപിയുടെ സാന്നിധ്യം വർദ്ധിക്കുന്ന ത്രികോണ പോരാട്ടത്തിലും എൽഡിഎഫിനാണ് നിലവിൽ മുൻതൂക്കമെന്ന് ഓൺമനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇടതുപക്ഷത്തിനു കീഴിലുള്ള കേരളത്തിന്റെ വികസനയാത്ര വേണോ, അതോ വികസനത്തെ മുരടിപ്പിക്കുന്ന തൂക്കുസഭ വേണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വോട്ടർമാർക്കു മുന്നിൽ കൃത്യമായ ചോയ്‌സ് ഉണ്ടെന്നതിലേക്കാണ് ഓരോ സർവേകളും വിരൽചൂണ്ടുന്നത്. ഒരു ദശകത്തെ സുസ്ഥിര നേതൃത്വത്തിന് ശേഷം, വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിന് മൂന്നാം ഊഴം നൽകാനാണ് വോട്ടർമാർ കൂടുതലായി താൽപ്പര്യപ്പെടുന്നത് എന്നാണ് ഓരോ സർവ്വേഫലവും പറയുന്നത്. എങ്കിലും ഇവയെല്ലാം വെറും സർവേകൾ മാത്രമാണ്. തീരുമാനങ്ങൾ വരുന്നത് ഏപ്രിൽ 9 ന് വോട്ടർമാർ പോളിങ് സ്റ്റേഷനിലെത്തിയ ശേഷം മാത്രം…






