Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തുടര്‍ഭരണമോ തൂക്കുസഭയോ? ചര്‍ച്ചയാകുക വികസനമോ വിവാദങ്ങളോ? ഇതുവരെയുള്ള മാധ്യമ സര്‍വേകളുടെ ഫലം എന്ത്? പ്രചാരണ കോലാഹലങ്ങള്‍ക്കിടെ അടിയൊഴുക്ക് എങ്ങോട്ട്? കേരള രാഷ്ട്രീയം വഴിത്തിരിവില്‍

കൊച്ചി: സംസ്ഥാനത്തു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആരു ഭരണത്തിലെത്തുമെന്ന ചര്‍ച്ചകളും സജീവം. വികസന നേട്ടങ്ങള്‍മുതല്‍ വിവാദങ്ങള്‍വരെ എടുത്തു പയറ്റിയാണു മുന്നണികളുടെ വോട്ടു പിടിത്തം. സര്‍വേകളിലെ സൂചകളുമായി മാധ്യമങ്ങളും രംഗത്തുവന്നു. ഏപ്രില്‍ ഒമ്പതിനു വിധിയെഴുതുമ്പോള്‍ വിവാദങ്ങളാണോ വികസനങ്ങളാണോ ജനത്തെ സ്വാധീനിച്ചതെന്ന് അറിയാം.

സര്‍വേകള്‍

കേരളത്തിന്റെ തെരഞ്ഞെടുപ്പു രീതികളെ അട്ടിമറിച്ചാണ് 2021ല്‍ ഇടതുമുന്നണി തുടര്‍ ഭരണം നേടിയത്. മൂന്നാമതും ജനവിധി തേടാന്‍ ഒരുങ്ങുമ്പോള്‍ കുറച്ചു വിവാദങ്ങള്‍ക്കപ്പുറം കാര്യമാത്ര ഭരണവിരുദ്ധ വികാരമില്ല എന്നതാണു ശ്രദ്ധേയം. ഓരോ അഞ്ചുവര്‍ഷത്തിനിടയിലും മുന്നണികളെ മാറിമാറി തുണച്ച കേരളം, പത്തു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷവും ഇടതു മുന്നണിയോടു താത്പര്യക്കുറവു കാട്ടുന്നില്ല എന്നു ചുരുക്കം.

Signature-ad

സര്‍വേകള്‍ ഇഴകീറി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനാണു മുന്‍തൂക്കം. ‘ഓണ്‍മനോരമ’യുടെ പോള്‍ പ്രകാരം പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയാകണമെന്ന് 49.81 % ആളുകള്‍ ആഗ്രഹിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലെന്നും വികസന പ്രതിച്ഛായ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിഷ്പക്ഷമെന്നു കരുതാവുന്ന സര്‍വേകളെല്ലാം എല്‍ഡിഎഫിനു മേല്‍ക്കൈ പ്രവചിക്കുന്നു. 2021ല്‍ ഒഴികെ കേരളത്തിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷത്തിനായിരുന്നു പ്രചാരണത്തില്‍ മുന്‍തൂക്കം ലഭിച്ചത്. എന്നാല്‍, പത്തുവര്‍ഷത്തിനിപ്പുറം ഇടതുമുന്നണിക്കു മത്സര രംഗത്തും വ്യക്തമായ മുന്നേറ്റമുണ്ട്.

ഏഷ്യാനെറ്റ് അഫിലിയേറ്റഡ് സര്‍വേകള്‍ എല്‍ഡിഎഫ് 70-ല്‍ അധികം സീറ്റുകളോടെ ഭരണത്തുടര്‍ച്ച നേടുമെന്നാണ് പ്രവചിച്ചത്. ബി.ജെ.പിയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്ന ത്രികോണ പോരാട്ടത്തിലും എല്‍ഡിഎഫിനാണ് നിലവില്‍ മുന്‍തൂക്കമെന്ന് ഓണ്‍മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിസ്ഥാന വികസനം

പത്തുവര്‍ഷത്തിനിടെ കേരളത്തിലെ അടിസ്ഥാന വികസനത്തില്‍ മാറ്റം പ്രകടമാണ്. മുടങ്ങിക്കിടന്നതും ഉപേക്ഷിച്ചതുമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ദേശീയപാത വികസനം ഉദാഹരണം. എന്‍എച്ച് 66 ന്റെ ഭൂമിയേറ്റെടുക്കലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 5580 കോടിയാണു ചെലവിട്ടത്.

സംസ്ഥാനത്ത് പുതിയ പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയര്‍ന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ 4.7 ലക്ഷം വീടുകള്‍ എന്നിവ മുന്നേറ്റത്തിന്റെ ഉദാഹരണമാണ്. ഏറ്റവും പുതിയ കണക്കുകളില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും പറയുന്നു. വികസനത്തിനാണ് വോട്ടര്‍മാരുടെ മുന്‍ഗണനയെന്ന് ‘ഓണ്‍മനോരമ’ സര്‍വേ പറയുന്നു.

രാഷ്ട്രീയം വഴിത്തിരിവില്‍

വോട്ടര്‍മാര്‍ സുസ്ഥിര സര്‍ക്കാരിനെ പിന്തുണയ്ക്കുമോ അതോ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തരത്തില്‍ വിധിയെഴുതുമോ എന്നതാണു കൗതുകം. വികസനം നിലനിര്‍ത്താന്‍ വ്യക്തമായ ജനവിധി വേണമെന്ന് എല്‍ഡിഎഫ് പറയുന്നു. പിണറായി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം വളര്‍ച്ചയും സാമൂഹിക സ്ഥിരതയും കൊണ്ടുവന്നെന്നാണു ഭരണപക്ഷം അവകാശപ്പെടുന്നത്.

ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി 2025 നവംബര്‍ ഒന്നിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും എല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള വാദങ്ങളായി അവര്‍ ഉയര്‍ത്തുന്നു. ഒരു തൂക്കുസഭ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയും ചെയ്യും.

സാമ്പത്തിക മുന്നേറ്റം

കേരളത്തെക്കുറിച്ചു നിക്ഷേപകരുടെ കാഴ്ചപ്പാടു മാറ്റിമറിച്ചെന്ന് എല്‍ഡിഎഫ് പറയുന്നു. വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ പദ്ധതികളായി മാറി. ‘സംരംഭക വര്‍ഷം’ പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

നിതി ആയോഗിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചികയിലും എസ്.ഡി.ജി (—-) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തി. വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമ്പോള്‍ കെയ്ന്‍സ് ടെക്നോളജി പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപപദ്ധതിക്കു തുടക്കമിട്ടു.

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണു കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്. സാമ്പത്തികമുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സര്‍ക്കാരിനാണെന്ന് എല്ലാ റിപ്പോര്‍ട്ടുകളിലും ഊന്നിപ്പറയുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

ഭാവിയിലെ സാങ്കേതിക ഹബ്

കേരളം ഭാവി സാങ്കേതിക ഹബായി മാറുമെന്നതിന് ടെക്നോപാര്‍ക്ക് നാലാം ഘട്ടം (ടെക്നോസിറ്റി) ഉദാഹരണമാണ്. 389 ഏക്കറിലുള്ള ഐടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ടെക്നോപാര്‍ക്കില്‍ നിലവില്‍ 500ല്‍ അധികം കമ്പനികളും 80,000 പ്രഫഷണലുകളുമുണ്ട്. നാലാം ഘട്ടംകൂടി വരുന്നതോടെ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയാകും.

സ്‌പേസ് റിസര്‍ച്ച്, എഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്പെഷല്‍ സോണുകള്‍ പദ്ധതിയിട്ടിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ക്കും വരുംതലമുറ വ്യവസായങ്ങള്‍ക്കും കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന സ്ഥാനമുണ്ടാകുമെന്ന ബോധ്യത്തിലാണ് മുന്നോട്ടു പോകുന്നത്. എ.ഐ (AI) സിറ്റി, സ്‌പേസ് പാര്‍ക്ക്, ഡിജിറ്റല്‍ സര്‍വകലാശാലയുടെ വികസനം എന്നിവ കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയുടെ സൂചകങ്ങളാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികള്‍ കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയെ കെട്ടിപ്പടുക്കുകയാണ് എന്ന ബോധ്യത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.

പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍

രണ്ടു ടേമുകളിലായി പത്തുവര്‍ഷം അധികാരത്തിലിരുന്ന സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല എന്നതും ചര്‍ച്ചയാണ്. പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനം ഏറ്റെടുക്കുന്നില്ല. കേരളത്തിന്റെ മുന്‍ഗണനകളുമായി ഒത്തുപോകാന്‍ അവരുടെ ദേശീയ നേതൃത്വത്തിനു കഴിയുന്നില്ല. കേരളത്തിനു വെളിയിലെ വിദ്വേഷ- വിഭജന രാഷ്ട്രീയത്തില്‍ ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെന്ന് ഓരോ വിലയിരുത്തലും ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷത്തിനു വ്യക്തമായ പങ്കുണ്ട്. ശബരിമല പോലുള്ള വിഷയങ്ങള്‍ വോട്ടര്‍മാരെ കാര്യമായി ബാധിക്കുന്നില്ല. വൈകാരികതയെക്കാള്‍ പ്രായോഗികതയ്ക്കാണു ജനം പ്രധാന്യം നല്‍കുന്നത്.

ഇതെല്ലാം പരിഗണിച്ചാല്‍ ഭരണത്തിലേക്കുള്ള ചുവടുവയ്പില്‍ ഇടതുപക്ഷത്തിനു വ്യക്തമായ മേല്‍ക്കൈയുണ്ടെന്നു കാണാന്‍ കഴിയും. വികസനയാത്ര വേണോ അതോ വികസന മുരടിപ്പിന്റെ തൂക്കുസഭ വേണോ എന്ന ചോദ്യത്തിനു കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ കൃത്യമായ ചോയ്‌സ് ഉണ്ട്. അത് സുസ്ഥിര വികസനത്തിനാകും എന്നതിനു സര്‍വേ ഫലങ്ങള്‍ അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: