Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കല്ലാമൂല സഖാക്കള്‍; സിനിമാപേരല്ല സിപിഎമ്മിന്റെ രോദനസംഘടനയാണ്; കുലംകുത്തികളെ പുറത്താക്കാന്‍ ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം; കടക്കൂപുറത്തെന്ന് അണികളും പറയുന്നു

 

മലപ്പുറം: കല്ലാമൂല സഖാക്കള്‍ എന്നു കേട്ടാല്‍ പെട്ടന്ന് ഏതെങ്കിലും സിനിമാപേരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സിപിഎമ്മിന്റെ ഒരു കൂട്ടായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം. വോട്ടുചോര്‍ന്നതിലുള്ള വേദനയില്‍ നിന്നുടലെടുത്ത രോദനസംഘടനയെന്നും വേണമെങ്കില്‍ എതിരാളികള്‍ക്ക് കളിയാക്കിപ്പറയാം.
കാളികാവില ചേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡാണ് ഇപ്പോള്‍ കേരളം ശ്രദ്ധിക്കുന്ന കല്ലാമൂല സഖാക്കള്‍ എന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Signature-ad

സിപിഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡിലാണ് സിപിഎമ്മിലെ ഒരു വിഭാഗം തോല്‍വി സഹിക്കവയ്യാതെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് കല്ലാമൂല സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത് എന്നാണ് ബോര്‍ഡിലുള്ളത്.

കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്ക് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു.

കല്ലാമൂല വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീറാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് വിമതനായ സിഎം ഹമീദാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. വിമത സ്ഥാനാര്‍ത്ഥി വന്നതോടെ എല്‍ഡിഎഫിന് അട്ടിമറി വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് മൂന്നാം സ്ഥാനത്തേക്ക് പോയത്. അതിന്റെ ഷോക്കില്‍ നിന്ന് ഇതുവരെയും ഇവിടത്തെ സിപിഎം സഖാക്കള്‍ മോചിതരായിട്ടില്ല. കലിപ്പ് തീരാത്തതു കൊണ്ടു തന്നെയാണ് സഹികെട്ട് സഖാക്കളില്‍ ചിലര്‍ ഫ്്‌ളെക്‌സ് സ്ഥാപിച്ച് ആശ്വാസമടഞ്ഞത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി വോട്ട് മറിച്ചെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെടാനിടയാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സ്ഥാപിച്ച ബോര്‍ഡ് നാട്ടുകാരെല്ലാം വായിക്കുകയും സംഗതി വലിയ ചര്‍ച്ചയാവുകയും ചെയ്തു. പിന്നീട് ബോര്‍ഡ് ഒരു വിഭഗം സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.

ജില്ല സംസ്ഥാന നേതൃത്വങ്ങള്‍ സംഗതി ഗൗരവത്തിലെടുത്തിട്ടുണ്ട്. വോട്ടുമറിഞ്ഞോ എന്നന്വേഷിക്കണമെന്നാവശ്യമുണ്ടെങ്കിലും അതിന് പാര്‍ട്ടി സമ്മതം മൂളിയിട്ടില്ല.

Back to top button
error: