Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സത്യമോ നുണയോ കെട്ടുകഥയോ; നടി ആക്രമണക്കേസിന്റെ വിധി ചോര്‍ന്നെന്ന ആരോപണം ആളിക്കത്തുന്നു; യശ്വന്ത് ഷേണായിയുടെ ആരോപണം തള്ളി അഭിഭാഷക അസോസിയേഷന്‍

 

കൊച്ചി: സത്യമോ നുണയോ കെട്ടുകഥയോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി പുറത്തുവിട്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ആളിക്കത്തുന്നു.

Signature-ad

നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയുടെ ആരോപണം അസോസിയേഷന്‍ തള്ളി. കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ചൂണ്ടിക്കാണിച്ചാണ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് യശ്വന്ത് ഷേണായി കത്തയക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

 

ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചെന്നായിരുന്നു അഡ്വ. യശ്വന്തിന്റെ പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമായിരുന്നു അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി.

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് യശ്വന്ത് ഷേണായി പരാതിയില്‍ പറഞ്ഞിരുന്നത്. ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്.

വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തില്‍ പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. ആക്ഷേപം വിജിലന്‍സ് രജിസ്ട്രാറോ മറ്റൊരു ഏജന്‍സിയോ അന്വേഷിക്കണമെന്നും പരാതിയിലൂടെ യശ്വന്ത് ഷേണായി ആവശ്യപ്പെട്ടിരുന്നു. ഊമക്കത്ത് വിധിയുടെ രഹസ്യാത്മകത തകര്‍ക്കുന്നതാണെന്നും ജുഡീഷ്യറിയുടെ സല്‍പ്പേരും അഖണ്ഡതയും തകര്‍ക്കുന്നതാണെന്നും യശ്വന്ത് ഷേണായി ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബര്‍ 8 ന് വിധി പറയുന്ന കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഒഴിവാക്കി ആറ് പ്രതികള്‍ക്കെതിരെയാണ് ശിക്ഷ വിധിക്കാന്‍ പോകുന്നതെന്നും ഊമക്കത്തില്‍ പറഞ്ഞതായി യശ്വന്ത് ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ സ്വന്തം അടുപ്പക്കാരിയായ ഷേര്‍ളിയെക്കൊണ്ട് ജഡ്ജ്‌മെന്റ് തയ്യാറാക്കി ഹണി എം വര്‍ഗീസ് എട്ടാം പ്രതിയുടെ സന്തത സഹചാരിയായ ഹോട്ടല്‍ ബിസിനസുകാരനായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു. ഹണി വര്‍ഗീസിനെ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്. ആയതുകൊണ്ടാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നുമായിരുന്നു ഉള്ളടക്കം. ഇന്ത്യന്‍ പൗരന്‍ എന്ന പേരിലെഴുതിയ ഈ ഊമക്കത്തും യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിന് അയച്ച കത്തിനൊപ്പം ചേര്‍ത്തിരുന്നു.

ഊമക്കത്തും അതിലെ ഉള്ളടക്കവും യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിനയച്ച കത്തുമെല്ലാം വരും ദിവസങ്ങളില്‍ ആളിക്കത്തുന്ന വിവാദമായി മാറാന്‍ സാധ്യതയേറെയാണ്. പ്രസ്താവിക്കാനിരിക്കുന്ന കോടതിവിധി ചോരുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമായതുകൊണ്ടുതന്നെ ഊമക്കത്താണെങ്കില്‍ പോലും വിശദമായ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുമോ എന്നററിയാനാണ് ന്യായാധിപ സമൂഹം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: