Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പു പൂക്കും കാലം; അഭിപ്രായ ഭിന്നതകള്‍ രൂക്ഷം; രാഹുല്‍ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയവര്‍ ഒറ്റക്കെട്ടാകുന്നു; വിശാല ഐ ഗ്രൂപ്പിന് പുതുജീവന്‍ നല്‍കാന്‍ നീക്കം; കേരളത്തില്‍ തന്റെ യൂത്ത് ബ്രിഗേഡുമായി മുന്നേറാന്‍ കെ.സിയെത്തുന്നു

 

തിരുവനന്തപുരം: ഗ്രൂപ്പുകളില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനും നിലനില്‍ക്കാനും സാധിക്കില്ലെന്ന കളിയാക്കലുകള്‍ വകവെക്കാതെ ഒരിക്കല്‍ കൂടി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും പാടുപെടാന്‍ പോകുന്നത് വീണ്ടും രൂപം കൊള്ളുന്ന ഗ്രൂപ്പ് സുനാമി മൂലമായിരിക്കുമെന്നാണ് സൂചന.

Signature-ad

കഴിഞ്ഞ കുറച്ചുകാലമായി അടിയൊഴുക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഗ്രൂപ്പിസം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തോടെ മറനീക്കി മുകളിലേക്ക് വന്നിരിക്കുകയാണ്.
രാഹുലിനെ അനുകൂലിച്ചവരും രാഹുലിനെതിരെ ശബ്ദമുയര്‍ത്തിയവരും രണ്ടു ധ്രുവങ്ങളിലാണ്. രാഹുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വല്ലാതെ വൈകിയപ്പോള്‍ നേതൃത്വത്തെ വിമര്‍ശിച്ചവരെല്ലാം ഒറ്റക്കെട്ടായി നിന്നപ്പോള്‍ നേതൃത്വത്തിന് തീരുമാനമെടുക്കാതിരിക്കാനായില്ല. നടപടിയെടുത്തെങ്കിലും നേതാക്കള്‍ തമ്മിലുള്ള മാനസിക അകലം അതോടെ കൂടി.
പീഡനക്കേസിലെ പ്രതിയെ പിന്തുണക്കുന്നതില്‍ മടിയില്ലാത്തവരുടെ കൂടെ നില്‍ക്കാന്‍ മറുഭാഗത്തുള്ള പല നേതാക്കള്‍ക്കും മടുപ്പുണ്ടായി. ഇതോടെയാണ് ഇനിയങ്ങോട്ട് തങ്ങളുടെ നിലപാടും അഭിപ്രായങ്ങളുമായി മുന്നോട്ടുപോകാന്‍ ഗ്രൂപ്പ് പൊടിതട്ടിയെടുത്ത് ശക്തമാക്കാന്‍ തീരുമാനം പൊതുവെയുണ്ടായത്.

യുവനിരയെ മുന്‍നിര്‍ത്തി കെ.സി.വേണുഗോപാല്‍ നടത്തുന്ന നീക്കങ്ങളെ മുളയിലേ നുള്ളുന്നതിന് കൂടി വേണ്ടിയാണ് വിശാല ഐ ഗ്രൂപ്പിനെ വീണ്ടും ഉയര്‍ത്തെഴുനേല്‍പ്പിക്കാന്‍ രമേശ് ചെന്നിത്തലയും കൂട്ടരും ശ്രമിക്കുന്നതെന്നാണ് തിരുവനന്തപുരത്തു നിന്നുള്ളവര്‍ പറയുന്നത്.
രാഹുലിന്റെ തുടര്‍ച്ചയായ പീഡനകഥകള്‍ കോണ്‍ഗ്രസിന് മാനക്കേടുണ്ടാക്കിയിട്ടും രാഹുലിനെ പിന്തുണയ്ക്കാനും തള്ളിപ്പറയാതെ സംരക്ഷിച്ചു പിടിക്കാനും അവസാന നിമിഷം വരെ ശ്രമിച്ചവര്‍ പുതിയ കളികള്‍ തുടങ്ങും മുന്‍പേ വിശാല ഐ ഗ്രൂപ്പിനെ കളത്തിലിറക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നാണ് സൂചനകള്‍.
കെ.സി.വേണുഗോപാല്‍ കേരളത്തിലേക്ക് തട്ടകം മാറ്റാനുള്ള കരുനീക്കം സജീവമാക്കിയിരിക്കുന്നതും ഗ്രൂപ്പ് കളി വീണ്ടും തുടങ്ങാന്‍ കാരണമായിട്ടുണ്ട്.

 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സൈഡാക്കി കെ.സി.വേണുഗോപാലിന് പരവതാനി വിരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന പണികള്‍ നിയമസഭ തെരഞ്ഞെടുപ്പ് എത്തുന്നതോടെ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് കേന്ദ്രീകരിച്ചുള്ള നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പറയുന്നത്. അതില്‍ ഷാഫി പറമ്പിലിന്റേയും വി.കെ.ശ്രീകണ്ഠന്‍ എംപിയുടേയും പുറത്താക്കും മുന്‍പു വരെ രാഹുലിന്റെയും പേരു പറഞ്ഞു കേട്ടിരുന്നു. ഒരു യുവനിരയെ തന്നെ കൂടെക്കൂട്ടി കോണ്‍ഗ്രസില്‍ അപ്രമാദിത്വം ഉറപ്പിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കെ.സി കേരളത്തിലേക്കെത്തുമെന്ന് ഉറപ്പായതോടെയാണ് ചെ്ന്നിത്തല പടയൊരുക്കത്തിന് പച്ചക്കൊടി വീശിയത് എന്ന് പറയുന്നു. ബീഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്‍ഡ്യ സഖ്യം തകര്‍ന്നടിഞ്ഞതോടെ ഇനി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന നിലപാട് വേണുഗോപാലെടുത്തിട്ടുണ്ട്.
കേരളത്തില്‍ യുവനിരയെ കയ്യിലെടുത്ത് തന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് കെ.സി.
ഡല്‍ഹി കണക്ഷനുകള്‍ ഉള്ള വിവിഐപി ആയതുകൊണ്ടു തന്നെ മറ്റു നേതാക്കളേക്കാള്‍ പവര്‍ തനിക്കുണ്ടാകുമെന്നും കെ.സിക്കറിയാം. അതുകൊണ്ടുതന്നെ കാര്യസാധ്യതകള്‍ക്കായി ഡല്‍ഹി ബന്ധങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കെ.സിക്കൊപ്പം നില്‍ക്കാന്‍ ചിലര്‍ക്കെങ്കിലും താത്പര്യമുണ്ട്.

വി.ഡി.സതീശന് പകരം വേണുഗോപാലിനെ കൊണ്ടുവന്ന് കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കാനും നീക്കമുണ്ട്. വേണുഗോപാലിന്റെ ഈ നീക്കം മുന്‍കൂട്ടി കണ്ടാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ ഗ്രൂപ്പ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത് എന്നാണ് അണിയറക്കഥകള്‍.
കൂടെ നില്‍ക്കാന്‍ താത്പര്യമുള്ളവരുമായി ചെന്നിത്തലയും കൂട്ടരും ഇതിനകം തന്നെ രഹസ്യചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ മറ്റാരേക്കാളും ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദം കെ.മുരളീധരന്റെയാണെന്നും ജനങ്ങളെ കയ്യിലെടുക്കാന്‍ മുരളിക്കുള്ള കഴിവ് പ്രയോജനപ്പെടുത്തണമെന്നും ഇരുഭാഗത്തും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

 

കെ.സി.വേണുഗോപപാലിന് ഡെല്‍ഹി ബെല്‍റ്റിലുള്ള പിടിപാട് ബീഹാര്‍ തോല്‍വിയോടെ കുത്തനെ ഇടിഞ്ഞതും ബിജെപിക്ക് സഹായകമായ തന്ത്രങ്ങളാണ് കെ.സി. പലയിടത്തും മെനഞ്ഞതെന്ന കുറ്റപ്പെടുത്തലും ഡല്‍ഹി വിടാന്‍ വേണുഗോപാലിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇനി കേരളമാകാം കളിത്തട്ടെന്ന് കെ.സി തീരുമാനമെടുത്തതും അതുകൊണ്ടുതന്നെയാകാം. ഇതെല്ലാം മുന്‍കൂട്ടി കണ്ട് കഴിഞ്ഞ കുറച്ചുകാലമായി കെ.സി കേരളത്തില്‍ തന്റേതായ ഒരു യൂത്ത് ബ്രിഗേഡിനെ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ മാങ്കൂട്ടത്തില്‍ മാത്രമാണ് കയ്യിലിരിപ്പ് മോശമായതുകൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായത്.
യുവ എംഎല്‍എമാരും എംപിമാരുമൊക്കെ കെ.സിക്കൊപ്പമുണ്ടെന്നാണ് അഭ്യൂഹം.

കോണ്‍ഗ്രസിന്റെ അമരത്തേക്ക് കേരളത്തില്‍ ഇനിയാരെത്തുമെന്ന ചോദ്യമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഉയരുക. ഒരു ക്ലീന്‍ കോണ്‍ഗ്രസിനു വേണ്ടിയാണ് ഗ്രൂപ്പുകള്‍ വീണ്ടും സടകുടഞ്ഞെഴുനേല്‍ക്കുന്നതെന്ന് ഗ്രൂപ്പിന് ചുക്കാന്‍ പിടിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്. എന്തായാലും സതീശനും ചെന്നിത്തലയും മുരളിയുമൊക്കെ വാഴുന്ന മലയാള മണ്ണിലേക്ക് ചുവടുറപ്പിക്കാന്‍ ഇന്ദ്രപ്രസ്ഥം വിട്ടിറങ്ങി വരുന്ന കെ.സി. എന്ന കെ.സി.വേണുഗോപാലിന് ഒട്ടും സുഖമായിരിക്കില്ല കേരളത്തിലെ പ്രവര്‍ത്തനം.
അതറിയാവുന്ന കെ.സി കൃത്യമായ കരുനീക്കം നടത്തിയാണ് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുക.

 

 

Back to top button
error: