തനിക്കെതിരെ കളിച്ചവരെ ഭഭബ പറയിപ്പിക്കാനൊരുങ്ങി ദിലീപ്; ഇതുവരെ കണ്ട ദിലീപല്ല ഇനി; തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെടും; നടിയെ ആക്രമിച്ച കേസില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനം; കോടതി കുറ്റവിമുക്തനാക്കിയതുകൊണ്ട് ഇമേജ് വീണ്ടെടുക്കാനായില്ലെന്ന് വിലയിരുത്തല്‍; കുറ്റം ചെയ്തിട്ടില്ലെന്ന് ജനത്തിനെ ബോധ്യപ്പെടുത്താന്‍ പുതിയ പോരാട്ടത്തിന്

കൊച്ചി: കോടതിയും കേസും നിയമക്കുരുക്കുകളും ഒഴിവായതോടെ നടന്‍ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ കളത്തിലിറങ്ങുന്നു. ആരൊക്കെയാണോ തന്നെ നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് അവരെക്കൊണ്ടെല്ലാം ഭഭബ പറയിപ്പിക്കാനാണ് ദിലീപിന്റെ തീരുമാനം.
ഇതുവരെ കണ്ട ദിലീപായിരിക്കില്ല ഇനിയങ്ങോട്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ പകുതിവരെ നിസഹായനായിരുന്ന ശേഷം ഇന്റര്‍വെല്‍ പഞ്ചോടെ തിരിച്ചെത്തുന്ന നായകന്റെ റോളിലാണ് ഇനി തങ്ങളുടെ ഇഷ്ടതാരവും ജനപ്രിയനായകനുമെന്ന് ആരാധകര്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുുകയാണ് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. മഞ്്ജുവാര്യരാണ് ഗൂഢാലോചന സംശയം ആദ്യമായി ഉന്നയിച്ച് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചതെന്ന് കഴിഞ്ഞ ദിവസം ദിലീപ് തുറന്നടിച്ചിരുന്നു.
തന്റെ കരിയര്‍ നശിപ്പിക്കാനും ജീവിതം തകര്‍ക്കാനുമുള്ള നീക്കമാണ് നടന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു.
തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കാനാണ് ദിലീപ് തീരുമാനിച്ചിരിക്കുന്നത്. തന്നെ കേസില്‍ കുടുക്കി എട്ടുവര്‍ഷത്തോളം ദുരിതത്തലാഴ്ത്തിയവരെ കണ്ടെത്തുമെന്ന ദൃഢനിശ്ചയത്തിലാണ് ദിലീപ്.
കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇപ്പോഴും പൊതുജനമധ്യത്തിലും സമൂഹത്തിലും വലിയൊരു വിഭാഗം താന്‍ കുറ്റക്കാരനാണെന്ന വിശ്വാസത്തില്‍ തന്നെയാണെന്നും അത് മാറ്റിയെടുക്കണമെങ്കില്‍ സത്യം പുറത്തുവരണമെന്നും അതിനായാണ് ഇനിയുള്ള പോരാട്ടമെന്നും ദിലീപ് താനുമായി അടുത്ത ബന്ധമുള്ളവരോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ് മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു. ദിലീപിന്റേത് വളച്ചൊടിക്കലാണെന്നും ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് പറഞ്ഞു. അപ്പീല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുന്നത് ആലോചനയിലുണ്ടെന്നും വിധി പകര്‍പ്പ് പഠിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഉമ തോമസ് പറഞ്ഞു.






