മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തലാക്കാന്‍ ട്രംപ്; അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്നു; ഗ്രീന്‍ കാര്‍ഡ് പുനപരിശോധിക്കും; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ വെടിയുതിര്‍ത്ത് ദിവസങ്ങള്‍ക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസിനെ പൂര്‍ണമായും വീണ്ടെടുക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വച്ചെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സ്ഥിര താമസ പദവി (ഗ്രീന്‍ കാര്‍ഡ്) പുനഃപരിശോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തും, യു.എസിന്റെ സംവിധാനങ്ങളെ പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ അനുവദിക്കും. ഉറക്കം തൂങ്ങിയായ ജോ ബൈഡന്റെ കാലത്തുണ്ടായ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ കഴിയാത്തവരെയും , രാജ്യത്തെ സ്നേഹിക്കാന്‍ കഴിയാത്തവരെയും ഒഴിവാക്കും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റം ഇല്ലാതാക്കും. സുരക്ഷയെ വെല്ലുവിളിയാകുന്ന, പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തത്തവരെ നാടുകടത്തും. നിയമംപാലിക്കാത്തവരെയും പ്രശ്‌നക്കാരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ തുടരുമെന്നും ട്രംപ് കുറിച്ചു.
സെന്‍സസ് പ്രകാരം 53 ദശലക്ഷമാണ് അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ . അവരില്‍ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരാണ്. അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ജയിലുകള്‍, മനസികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍, ഗൂണ്ടാ സംഘാംഗങ്ങള്‍, ലഹരിമാഫിയയില്‍പ്പെടുന്നവര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ‘റിവേഴ്‌സ് മൈഗ്രേഷ’നിലൂടെ മാത്രമേ നിലവിലെ സാഹചര്യം പൂര്‍ണമായും പരിഹരിക്കാനാവുകയുള്ളൂവെന്നാണ് ട്രംപിന്റെ പക്ഷം. പൗരന്മാര്‍ അല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അമേരിക്ക അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വൈറ്റ് ഹൗസില്‍നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെ രണ്ട് നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 29 കാരനായ റഹ്‌മാനുള്ള ലകന്‍വാള്‍ വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥ സാറാ ബെക്ക്സ്ട്രോം മരിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തെങ്കിലും വെടിവയ്പ്പിന് പിന്നിലെ യഥാര്‍ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.






