ഇന്ത്യന്‍ പോലീസിന്റെ ഊഴം കഴിഞ്ഞു ; വീഡിയോകോള്‍ വിളിച്ചുള്ള പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോള്‍ ഖത്തര്‍പോലീസിന്റെ വേഷത്തിലും ; ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

ദോഹ : പോലീസ് വേഷത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന് പുതിയമുഖം. ഇന്ത്യന്‍ പോലീസുകാരുടെ വേഷത്തില്‍ നടക്കുന്ന തട്ടിപ്പ് ഇപ്പോള്‍ വേണ്ടവിധത്തില്‍ ഏല്‍ക്കാതായപ്പോള്‍ ഖത്തര്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോളിലൂടെ സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി.
വ്യാജ പോലീസ് യൂണിഫോം ധരിച്ച് വീഡിയോ കോളിനിടെ പ്രത്യക്ഷപ്പെട്ട ഒരു കേസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് രാജ്യത്തെ ഔദ്യോഗിക പദവികളും വേഷവും അനുകരിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നത്. ഇത്തരം പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തറി പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്ന ഒരാള്‍ വ്യാജ യൂണിഫോമില്‍, വ്യാജ ഐഡിയുമായി ഇരകളിലൊരാളുമായി വീഡിയോ കോളില്‍ ബന്ധപ്പെടുന്നതിന്റെ ചിത്രം ഖത്തറിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
”വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങളോ ഡാറ്റയോ കൈക്കലാക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന വിവിധ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വീഡിയോ കോളുകളോട് പ്രതികരിക്കരുത്.” ഒരു ബോധവല്‍ക്കരണ പോസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.






