Breaking NewsIndiaLead NewsNEWSSportsTRENDING

ഇന്ത്യയെ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരമുണ്ടായിട്ടും ഒഴിവാക്കി; രണ്ടു മിനുട്ട് ആലോചിച്ച് ഫോളോ ഓണ്‍ വേണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍; ഇന്ത്യ ഏറ്റവുമൊടുവില്‍ ഫോളോ ഓണ്‍ വഴങ്ങിയത് 2010ല്‍

ഗുവാഹത്തി: രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 201ന് ഓള്‍ഔട്ടായതോടെ ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാന്‍ (വീണ്ടും ബാറ്റിങ്ങിന് അയയ്ക്കുക) ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമയ്ക്ക് അവസരം ഉണ്ടായിരുന്നിട്ടും വിനിയോയിച്ചില്ല. എന്നാല്‍ അംപയര്‍മാര്‍ ഫോളോ ഓണിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘രണ്ടു മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ’ എന്നായിരുന്നു ബവൂമയുടെ മറുപടി.

പിന്നാലെ ഡ്രസിങ് റൂമിന് അടുത്തേക്ക് ഓടിയ ബവൂമ, പരിശീലകന്‍ ഉള്‍പ്പെടെ ഉള്ളവരോടു ചോദിച്ച ശേഷം ഫോളോ ഓണ്‍ വേണ്ടെന്നും തങ്ങള്‍ ബാറ്റ് ചെയ്‌തോളാമെന്നും അംപയര്‍മാരെ അറിയിച്ചു. ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരം ഉണ്ടായിട്ടും ഫോളോ ഓണ്‍ ഉപേക്ഷിച്ച ബവൂമയുടെ തീരുമാനം കമന്റേറ്റര്‍മാര്‍ക്കും കൗതുകമായി.

Signature-ad

നാട്ടില്‍ നടന്ന ടെസ്റ്റില്‍, 2010ലാണ് ഇന്ത്യ അവസാനമായി ഫോളോ ഓണ്‍ വഴങ്ങിയത്. അന്നും ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു എതിരാളി. മത്സരത്തില്‍ ഇന്നിങ്‌സിനും 6 റണ്‍സിനും ഇന്ത്യ തോറ്റിരുന്നു. ഇതടക്കം 3 തവണയാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ നേരിടേണ്ടിവന്നത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 എന്ന നിലയിലായിരുന്നു. നേരത്തേ, വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയെ 201ല്‍ ചുരുട്ടിക്കെട്ടാന്‍ സഹായിച്ചത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ 6 വിക്കറ്റ് പ്രകടനമാണ്. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും 48 റണ്‍സ് നേടിയ വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്ക 10ന് മുന്നിലാണ്.

 

Back to top button
error: