മുഗളന്മാര്‍ ഹിന്ദു പാരമ്പര്യങ്ങളെ അടിച്ചമര്‍ത്തി, ‘തിലകം മായ്ക്കാനും പൂണൂല്‍ ഇല്ലാതാക്കാനും ശ്രമിച്ചു’ ; ഇന്ത്യയെ മുസ്‌ളീംരാജ്യമാക്കാന്‍ ശ്രമിച്ചു ; പ്രതിരോധിച്ചത് സിഖ് ഗുരുക്കന്മാരെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയിലെ ഹിന്ദുപാരമ്പര്യങ്ങള്‍ അടിച്ചമര്‍ത്തി ഇസ്‌ളാമിക രാജ്യമാക്കാന്‍ ശ്രമിച്ചെന്നും സിഖ് ഗുരുക്കന്മാരാണ് പ്രതിരോധിച്ചതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരമായ പീഡനം ശക്തമാക്കുകയും ഹിന്ദു ചിഹ്നങ്ങളെയും ആചാര ങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടത്തിയതെന്നും ബലപ്രയോഗത്തിലൂടെ മതമാറ്റം നടത്തിയതായും പറഞ്ഞു.
മുഴുവന്‍ ഇന്ത്യയെയും ഇസ്ലാമികവല്‍ക്കരിക്കാന്‍ മുഗളന്മാര്‍ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ഔറംഗസേബ് തിലകം മായ്ക്കാനും പൂണൂല്‍ ഇല്ലാതാക്കാനും ശ്രമിച്ചു. കശ്മീരിലെ അടിച്ചമര്‍ ത്തല്‍ ഉള്‍പ്പെടെയുള്ള വ്യാപകമായ അതിക്രമങ്ങള്‍ നടത്തി. ഈ കാലഘട്ടത്തില്‍ ഗുരു തേജ് ബഹാദൂര്‍ ശബ്ദമുയര്‍ത്തുകയും പീഡനങ്ങള്‍ക്കെതിരെ ഒരു തടസ്സമായി നിലകൊള്ളുകയും ചെയ്തുവെന്ന് സിഖ് ചരിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവിന്റെ അനുയായികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ”ഭായ് മതി ദാസിനെ ആദ്യം പീഡിപ്പിക്കുകയും കഷണങ്ങളാക്കി അറുക്കുകയും ചെയ്തു. ഭായ് സതി ദാസിനെ പഞ്ഞിയില്‍ കെട്ടി തീയിട്ടു. ഭായ് ദയാലയെ തിളച്ച വെള്ളമുള്ള പാത്രത്തി ലേക്ക് എറിയുകയും ചെയ്തു. അവര്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടും ഗുരു തേജ് ബഹാദൂര്‍ ജി മഹാരാജ് തന്റെ വിശ്വാസത്തില്‍ നിന്നും ദൃഢനിശ്ചയത്തില്‍ നിന്നും വ്യതിചലിച്ചില്ല.” അദ്ദേഹം പറഞ്ഞു.
ഹിന്ദു സ്വത്വചിഹ്നങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ‘ക്രൂരനായ രാജാവായി’ ഔറംഗസേബ് മാറിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ അവസരത്തെ സാംസ്‌കാരിക ഉണര്‍വിന്റെ നിമിഷമായി വിശേഷിപ്പിച്ച ആദിത്യനാഥ്, അയോധ്യ ധാമില്‍ നിന്ന് യാത്ര ചെയ്ത് ഈ പരിപാടിയില്‍ എത്തിയത് തന്റെ ‘സൗഭാഗ്യമായി’ കണക്കാക്കുന്നുവെന്നും പറഞ്ഞു. സനാതനത്തിന്റെ കാവിക്കൊടി ഉയര്‍ത്തുന്നതായും സിഖ് സമൂഹത്തിലെ തലമുറകള്‍ ജീവന്‍ ബലിയര്‍പ്പിച്ച അതേ കാവിക്കൊടിയാണിതെന്നും പറഞ്ഞു.






