Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാാനാര്‍ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം ; ഫണ്ട് ഒപ്പിക്കാന്‍ പാടുപെട്ട് സ്ഥാനാര്‍ത്ഥികള്‍ ; രണ്ടു ടേം ഭരണം ഇല്ലാതിരുന്നത് ഫണ്ട് വരവിനെ ബാധിച്ചെന്ന് കോണ്‍ഗ്രസും

തിരുവനന്തപുരം : : തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം. മത്സരിക്കാന്‍ അവസരം പാര്‍ട്ടി തന്നിട്ടുണ്ടെന്നും പ്രചരണത്തിനും മറ്റുമുള്ള ചിലവ് സ്ഥാനാര്‍ത്ഥി തന്നെ പരമാവധി കണ്ടെത്തണമെന്നുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗികമായ ഔദ്യോഗിക അറിയിപ്പ്. എങ്ങിനെ ഫണ്ട് കണ്ടെത്തണമെന്നറിയാതെ പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്.
പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് ആയിരം അഭ്യര്‍ത്ഥന നോട്ടീസും എട്ട് ഫ്‌ളെക്‌സുമാണ് അവരവരുടെ ഡിവിഷനുകളിലേക്ക് നല്‍കുന്നത്.
പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ആവശ്യമായ ഫണ്ട് ഒപ്പിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. പ്രചരണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അതാത് ഡിവിഷനുകളില്‍ ചുമതലയുള്ളവര്‍ പുതുമുഖങ്ങള്‍ക്കായി ഫണ്ടു കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലാണ്.

Signature-ad


പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് ഫണ്ട് തന്ന് സഹായിക്കേണ്ടതെന്ന് സ്ഥാനാര്‍ത്ഥികളില്‍ പലരും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തുറന്നുപറഞ്ഞു. പരിചയസമ്പന്നരായ, മുന്‍കാലങ്ങളില്‍ മത്സരിച്ചിട്ടുള്ളവര്‍ക്ക് എങ്ങിനെ, എവിടെ നിന്ന് ഫണ്ട് കണ്ടെത്താമെന്നതിനെക്കുറിച്ച് അറിവും പരിചയവുമുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് അതെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും പല പുതുമുഖങ്ങളും തുറന്നുപറഞ്ഞു.

അതേസമയം കേരളത്തില്‍ തുടര്‍ച്ചയായി രണ്ടു ടേം ഭരണം നഷ്ടപ്പെട്ടതിന്റെ ആഘാതം ഫണ്ടു തേടി ചെല്ലുമ്പോള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. യുഡിഎഫും എല്‍ഡിഎഫും മാറിമാറി കേരളം ഭരിച്ചുകൊണ്ടിരുന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും ഭരണത്തില്‍ നിന്ന് പത്തുവര്‍ഷം വിട്ടുനിന്നതിന്റെ ക്ഷീണം വലുതാണെന്നും യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഫണ്ട് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നാണ് പറയുന്നത്. ഇത് സ്വാഭാവികം മാത്രമെന്ന് യുഡിഎഫും ബിജെപിയും സമ്മതിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: