Breaking NewsKeralaLead News

സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നില്ലെന്ന് പത്മകുമാര്‍ ; ഫയല്‍നീക്കം നടന്നത് പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലെന്നും മൊഴി ; കടകംപള്ളിക്ക് കുരുക്കായി മാറുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രന് കുരുക്കായി മാറുമോ? എസ്എടി യുടെ അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍നീക്കം നടന്നതെന്ന എ പത്മകുമാറിന്റെ മൊഴി കടകംപള്ളിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കേസില്‍ ഇന്ന് അറസ്റ്റിലായ എ പത്മകുമാര്‍ പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. സ്വര്‍ണ്ണ ക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നില്ലെന്ന് പത്മകുമാര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായി പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സര്‍ക്കാരിലാണ്. അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തുകയായിരുന്നു. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

Signature-ad

ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നില്ലെന്നും നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പത്മകുമാര്‍ പറഞ്ഞു. എഡിജിപിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്.

Back to top button
error: