ചൈന തള്ളിയ 12 മണിക്കൂര്‍ ജോലി ഇന്ത്യയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി; ആഴ്ചയില്‍ 72 മണിക്കൂര്‍; പ്രധാനമന്ത്രി 100 മണിക്കൂര്‍ ജോലി ചെയ്യുന്നെന്ന് ന്യായീകരണം; സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവതലമുറ രാജ്യത്തിനായി ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോസിസ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി. തൊഴില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ചൈനയടക്കം നിരോധിച്ച 9-9-6 മണിക്കൂര്‍ ജോലിയെന്ന മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കണമെന്ന ആവശ്യത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കഠിനാധ്വാനത്തിനായി ചൈനീസ് കമ്പനികള്‍ മുന്‍പ് പിന്തുടര്‍ന്നിരുന്ന ‘9-9-6’ തൊഴില്‍ സംസ്‌കാരമാണ് മൂര്‍ത്തി വന്‍ സംഭവമായി ഉയര്‍ത്തിക്കാട്ടിയത്.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്ന രീതിയാണ് ‘9-9-6’ എന്ന് അറിയപ്പെടുന്നത്. അതായത് 72 മണിക്കൂര്‍ ജോലി തന്നെ. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൂര്‍ത്തി ഈ ചൈനീസ് മോഡല്‍ ഇന്ത്യയിലെ യുവജനങ്ങള്‍ അനുകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
രാജ്യത്തിന് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിന് യുവജനങ്ങളുടെ കഠിനാധ്വാനം അനിവാര്യമാണെന്നുമാണ് 79-കാരനായ നാരായണ മൂര്‍ത്തി പറയുന്നത്. ആദ്യം നിങ്ങള്‍ ഒരുജീവിതം ഉണ്ടാക്കൂ, എന്നിട്ട് വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് ചിന്തിക്കുക എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും, അത് യുവജനങ്ങള്‍ ഒരു മാതൃകയാക്കണം എന്നും അദ്ദേഹം പറയുന്നു.
രാജ്യങ്ങള്‍ വളര്‍ന്നിട്ടുള്ളത് കഠിനാധ്വാനത്തിലൂടെ മാത്രമാണെന്നും, ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ യുവജനങ്ങള്‍ ഇതേ രീതി പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂര്‍ത്തിയുടെ കുടുംബ നിക്ഷേപ സ്ഥാപനമായ കറ്റാമരന്‍, ചൈനയിലെ വിവിധ നഗരങ്ങളിലെ തൊഴില്‍ സാഹചര്യങ്ങള്‍ പഠിക്കാന്‍ ഉദ്യോഗസ്ഥരെ അയച്ചതിന് ശേഷമാണ് ഈ നിരീക്ഷണം നടത്തിയത് എന്നും അദ്ദേഹം വെളിപ്പെടുത്തി.
അലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ 9-9-6 സമ്പ്രദായത്തെ യുവജനങ്ങള്‍ക്ക് ലഭിച്ച ഒരു ഭാഗ്യം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ രീതി ജീവനക്കാര്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം, ശാരീരിക ബുദ്ധിമുട്ടുകള്‍, ഉറക്കമില്ലായ്മ, അമിത ജോലിഭാരം മൂലമുള്ള മരണം എന്നിവയ്ക്ക് കാരണമാകുന്നതായി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. 2021 ല്‍ ന് ചൈനയിലെ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് ഈ രീതി രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു.
ചൈനയില്‍ പോലും നിയമം മൂലം നിരോധിച്ച ഈ ചൂഷണപരമായ തൊഴില്‍ രീതിയെ മഹത്വവല്‍ക്കരിച്ച മൂര്‍ത്തിക്കെതിരെ സമൂഹമാധ്യമങ്ങളിലും തൊഴില്‍ മേഖലയിലും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയില്‍ ഭൂരിഭാഗം ജോലികള്‍ക്കും ഓവര്‍ടൈം ശമ്പളം നല്‍കുന്നില്ല എന്നുള്ളതാണ് പ്രധാന വിമര്‍ശനം. മണിക്കൂറിന് ശമ്പളം നല്‍കാന്‍ കമ്പനികള്‍ തയ്യാറായാല്‍ ജീവനക്കാര്‍ 72 മണിക്കൂര്‍ പണിയെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
’72 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു. കഠിനാധ്വാനം കാരണം ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ രാവിലെ 10 മുതല്‍ അഞ്ച് വരെ, 5 ദിവസം മാത്രം ജോലി ചെയ്യുന്ന രീതിയെക്കുറിച്ചും, ഇത് അവരെ ജീവിതം ആസ്വദിക്കാന്‍ സഹായിക്കുന്നതിനെക്കുറിച്ചും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
70 മണിക്കൂര്‍ ജോലി ചെയ്യാനുള്ള മൂര്‍ത്തിയുടെ ആദ്യത്തെ ആഹ്വാനം കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ വിവാദത്തിന് തിരികൊളുത്തിയുള്ള പുതിയ പ്രസ്താവന.






