ശബരിമല ദര്‍ശനത്തിന് വന്‍ തിരക്ക് ; മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട സ്ഥിതി ; തിരക്കേറിയാല്‍ പമ്പ മുതല്‍ നിയന്ത്രണം വരും

പമ്പ: ശബരിമല ദര്‍ശനത്തിന് വന്‍ ഭക്തജനപ്രവാഹം. സന്നിധാനത്തും പമ്പയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടു. നട തുറന്ന ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനം നടത്താനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തരുടെ പ്രവാഹമാണ്. വെര്‍ച്വല്‍ ക്യൂ സംവിധാനമുണ്ടെങ്കിലും കുട്ടികളും പ്രായമായ സ്ത്രീകളുമടക്കമുള്ള ഭക്തര്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയുണ്ട്.
സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ നിയന്ത്രണ ക്രമീകരണം ഉണ്ടാകും.
സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക. ദിനംപ്രതി 90,000 പേര്‍ക്കാണ് മല കയറാന്‍ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂര്‍ ആണ് ശബരിമലയില്‍ ദര്‍ശന സമയം.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയേറെയാണ്. ഇത് മുന്‍കൂട്ടി കണ്ട് വിപുലമായ സജ്ജീകരണങ്ങളൊരുക്കിക്കൊണ്ടിരിക്കുകയാണ്.






