കൊച്ചിയിൽ 4 വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കൊച്ചി മരടിൽ നാലു വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് അമ്മ പിടിയിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം അമ്മ പൊള്ളലേപ്പിച്ചു. കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ല.
അവശ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. നാല് വയസുകാരിയുടെ മൂത്ത സഹോദരനെയും അമ്മ പതിവായി ഉപദ്രവിച്ചിരുന്നു. കുട്ടികളുടെ അച്ഛന്റെയും അമ്മൂമ്മയുടെയും സാന്നിധ്യത്തിലായിരുന്നു അമ്മയുടെ അതിക്രമങ്ങൾ. കേസിൽ ഇവരെയും പ്രതിചേർത്തേക്കും.
സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്നാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. അനുസരണക്കേട് കാണിക്കുമ്പോഴാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അമ്മയുടെ മൊഴി. മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഒപ്പമുള്ള മൂത്ത കുട്ടിക്കും സമാനമായ രീതിയിൽ ഉപദ്രവം ഏറ്റിട്ടുണ്ടെന്നും സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ കുട്ടി വെളിപ്പെടുത്തി.






