Breaking NewsCrimeLead NewsNEWSNewsthen SpecialSportsTRENDING

ഐപിഎല്ലിന് ഇടയില്‍തന്നെ സഞ്ജു രാജസ്ഥാന്‍ വിടാന്‍ ഒരുങ്ങി; തന്നെ നേരില്‍ കണ്ടു സംസാരിച്ചെന്നു ടീം ഉടമ; ടൂര്‍ണമെന്റില്‍ ഉടനീളം സഞ്ജു വൈകാരികമായി തളര്‍ന്നു: വെളിപ്പെടുത്തല്‍

ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണ് വ്യക്തിപരമായും കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അത്ര നല്ല ഓര്‍മകളുടേതല്ല. എട്ടുപോയിന്‍റുകള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ ടീമിന് നേടാന്‍ കഴിഞ്ഞത്. പോയിന്‍റ് പട്ടികയിലാവട്ടെ ഏറ്റവും അവസാന സ്ഥാനക്കാര്‍ക്ക് തൊട്ടുമുന്നില്‍ മാത്രവും. പരുക്ക് വലച്ചതിനെ തുടര്‍ന്ന് ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചറി മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞതും.

 

Signature-ad

രാജസ്ഥാന്‍റെ ടീം മീറ്റിങിലടക്കം അസ്വസ്ഥതകളും പ്രകടമായിരുന്നു.സഞ്ജുവിനോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളുമെടുത്തത് എന്നടക്കം റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണ്‍ പുരോഗമിക്കുന്നതിനിടെ തന്നെ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു ഒരുങ്ങിയെന്നും തന്നെ നേരില്‍ വന്ന് കണ്ട് സഞ്ജു തീരുമാനം അറിയിച്ചുവെന്നും രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദലെ പറയുന്നു. സ്വാപ് ഡീലിലൂടെ സ‍ഞ്ജുവിനെ ചെന്നൈക്ക് കൈമാറിയതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

 

ടൂര്‍ണമെന്‍റിലുടനീളം സഞ്ജു വൈകാരികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും  കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരം തോറ്റതിന് പിന്നാലെയാണ് ടീം വിടാനുള്ള താല്‍പര്യം അറിയിച്ചതെന്നും ബദലെ പറയുന്നു. ‘സഞ്ജു സത്യസന്ധനായ വ്യക്തിയാണ്. വൈകാരികമായി താരം തകര്‍ന്നിരുന്നു. ടീമിനെ കുറിച്ച് ആത്മാര്‍ഥമായി ചിന്തിക്കുക കൂടി ചെയ്യുന്ന ക്യാപ്റ്റനാണ് സഞ്ജു. 18 വര്‍ഷത്തിനിടയില്‍ രാജസ്ഥാന്‍റെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞു പോയത്. ഈ വര്‍ഷങ്ങളത്രയും രാജസ്ഥാന് വേണ്ടി നല്‍കിയ സഞ്ജു ഒരു ബ്രേക്ക് ആഗ്രഹിക്കുന്നുവെന്നും ഐപിഎല്‍ യാത്രയില്‍ പുതിയ തുടക്കം ആഗ്രഹിക്കുന്നുവെന്നും എന്നോട് തുറന്ന് പറഞ്ഞു.

 

സഞ്ജുവിന്‍റെ ആവശ്യം കേട്ടപ്പോള്‍ ആദ്യം വലിയ മനഃപ്രയാസമാണ് തോന്നിയത്. സ‍ഞ്ജു വളരെ കാര്യഗൗരവത്തോടെ സംസാരിക്കുന്ന വ്യക്തിയാണെന്നതായിരുന്നു അതിന്‍റെ കാര്യം. എന്തെങ്കിലും പറഞ്ഞാല്‍ അത് വെറുതേയാവില്ല. കഴിഞ്ഞ 14 വര്‍ഷം നിസ്തുല്യമായ സേവനമാണ് രാജസ്ഥാനായി താരം നല്‍കിയത്. അത് കേവലം ബാറ്റിങിലോ, അടിച്ച് പറത്തുന്ന സിക്സുകളിലോ ഒതുങ്ങുന്നതായിരുന്നില്ല. കാരണം അന്ന് സ‍ഞ്ജു നന്നേ ചെറുപ്പവും ക്യാപ്റ്റനെന്ന നിലയില്‍ അനുഭവ സമ്പത്തുമില്ലാത്തയാളായിരുന്നതിനാല്‍ തന്നെ സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചത് വലിയ റിസ്കെടുത്താണ്. പക്ഷേ ഏറ്റവും മികച്ച രീതിയിലാണ് സഞ്ജു ടീമിനെ നയിച്ചത്’. തീര്‍ത്തും വൈകാരികമായല്ലാതെ ആ യാത്ര ആരാധകര്‍ക്കും തനിക്കും ഓര്‍ക്കാന്‍ കഴിയില്ലെന്നും ബദലെ പറഞ്ഞു.

 

രാജസ്ഥാനുമൊത്തുള്ള 11 സീസണുകളില്‍ നിന്നായി 4027 റണ്‍സാണ് സ‍ഞ്ജു അടിച്ചുകൂട്ടിയത്. 2024ലെ സീസണായിരുന്നു കരിയര്‍ ബെസ്റ്റ്. 531 റണ്‍സ്. താരം ചെന്നൈയിലെത്തുന്നതോടെ ബാറ്റിങ് നിരയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണിലുടനീളം ബാറ്റിങില്‍ ചെന്നൈയ്ക്ക് പതറിയിരുന്നു. സ്വാപ് ഡീലിലൂടെ രവീന്ദ്ര ജഡേജയെയും സാംകറനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്.

Back to top button
error: