Breaking NewsIndiaKeralaLead NewsNEWSNewsthen SpecialpoliticsPravasiWorld

എഫ്-35 പോര്‍വിമാന ഇടപാട്; സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പെന്റഗണില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് 48 വിമാനങ്ങള്‍ ; അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി സൗദി മാറും

 

ജിദ്ദ യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗണ്യമായ സുരക്ഷയും സൈനിക ശേഷിയും നല്‍കുന്നതിനാല്‍ അമേരിക്കയുമായുള്ള സഖ്യം സൗദി അറേബ്യക്ക് പ്രധാനമാണ്.
എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള സൗദി അറേബ്യയുടെ അപേക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പെന്റഗണിനുള്ളില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഈ ഇടപാട് സൗദി അറേബ്യയെ മാറ്റിയേക്കും. നിലവില്‍ ഇസ്രായിലിന്റെ കയ്യില്‍ മാത്രമാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളുള്ളത്.
ട്രംപ് ഭരണകൂടം 2025 മെയ് മാസത്തില്‍ സൗദി അറേബ്യയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് അംഗീകരിച്ചതില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ തുടക്കത്തില്‍ തള്ളിക്കളഞ്ഞെങ്കിലും യു.എസ് പ്രതിരോധ സെക്രട്ടറി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ 48 എഫ്-35 വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ നയവിഭാഗം സൗദി അറേബ്യയുമായുള്ള ആയുധ ഇടപാട് മാസങ്ങളായി അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ട്രംപിന്റെ ഒപ്പും കോണ്‍ഗ്രസിനുള്ള വിജ്ഞാപനവും ഉള്‍പ്പെടെ ഉയര്‍ന്ന തലത്തിലുള്ള അംഗീകാരങ്ങള്‍ക്കായി ഇപ്പോള്‍ കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
റോയല്‍ സൗദി വ്യോമസേനക്ക് നിലവില്‍ എ-ഫ് 15 എസ്.എ, എഫ്-15 എസ്.ആര്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, പനാവിയ ടൊര്‍ണാഡോ എന്നീ വിമാനങ്ങളുടെ ഒരു നൂതന നിരയുണ്ട്. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്ന സൗദി അറേബ്യയുടെ ലക്ഷ്യത്തെയാണ് എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമം പ്രതിഫലിപ്പിക്കുന്നത്.
എഫ്-35 ഇടപാട് വീണ്ടും പരാജയപ്പെട്ടാല്‍, സൗദി അറേബ്യക്ക് ഏതാനും ബദല്‍ ഓപ്ഷനുകളുണ്ട്. സൗദിയിലേക്കുള്ള യൂറോഫൈറ്റര്‍ കയറ്റുമതിക്കുള്ള എതിര്‍പ്പ് ജര്‍മ്മനി പിന്‍വലിച്ചിട്ടുണ്ട്. ഫ്രഞ്ച് റാഫേല്‍ യുദ്ധവിമാനം സൗദി വ്യോമസേനാ നിരയെ വൈവിധ്യവല്‍ക്കരിക്കാനുള്ള മറ്റൊരു പ്രായോഗിക ഓപ്ഷനായി തുടരുന്നു. കൂടാതെ, ബ്രിട്ടന്‍, ജപ്പാന്‍, ഇറ്റലി എന്നിവയുടെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാമില്‍ പങ്കാളിത്തം വഹിക്കുന്ന കാര്യവും സൗദി അറേബ്യ പരിഗണിച്ചേക്കും. ഈ സഹകരണം രാജ്യത്തിന് ഭാവിയില്‍ അടുത്ത തലമുറ ബഹിരാകാശ, വ്യോമയാന സാങ്കേതികവിദ്യകളില്‍ പങ്ക് നല്‍കുകയും പോര്‍വിമാന ഇടപാടിനുള്ള യു.എസ് അംഗീകാരങ്ങള്‍ തുടര്‍ച്ചയായി വൈകുകയാണെങ്കില്‍ തന്ത്രപരമായ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യും.
നൂതന സ്റ്റെല്‍ത്ത് ശേഷികള്‍, ലക്ഷ്യങ്ങള്‍ വളരെ നേരത്തെ കണ്ടെത്താനുള്ള വൈഡ്ബാന്‍ഡ് റഡാര്‍, ശത്രു റഡാറുകളെ വിദൂരമായി ജാം ചെയ്യാനുള്ള ശേഷി, എയര്‍-ടു-എയര്‍, എയര്‍-ടു-ഗ്രൗണ്ട് ഗൈഡഡ് മിസൈലുകളും ലേസര്‍-ഗൈഡഡ് ബോംബുകളും വഹിക്കല്‍, എയര്‍ കോംബാറ്റ്, എയര്‍-ടു-ഗ്രൗണ്ട് ബോംബിംഗ്, ഇലക്ട്രോണിക് വാര്‍ഫെയര്‍, ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങള്‍, 1,960 കിലോമീറ്റര്‍ പരമാവധി വേഗത, 2,200 കിലോമീറ്റര്‍ പരമാവധി ദൂരപരിധി, 1,78,000 കിലോവാട്ട് പരമാവധി ത്രസ്റ്റ്, ആറു ആന്തരിക മിസൈല്‍ പേറോള്‍ ശേഷി, ഒറ്റ പൈലറ്റ് എന്നിവ എഫ്-35 പോര്‍വിമാനങ്ങളുടെ സവിശേഷതകളാണ്.

Back to top button
error: