Breaking NewsKeralaLead NewsNEWS

രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് ചർച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാഹുൽ നിലവിൽ എംഎൽഎയാണെന്നും അദ്ദേ​ഹം നിലവിൽ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അങ്ങനൊരാൾ വേദിയിൽ വന്നാൽ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ നിലവിൽ എംഎൽഎയായ ഒരാളെ എന്ത് ന്യായത്തിൽ ഇറക്കിവിടും. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങിപ്പോകണം. അതു വിയോജിപ്പുള്ള കാര്യമാണ്. എൽഡിഎഫിന്റെ മര്യാദ അതാണ്. ഞങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നമ്മുടെ പാർട്ടി സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. വികസന പ്രവർത്തനം നടത്തുന്നതിന് അദ്ദേഹം വരുന്നതിൽ നിന്നും തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നല്ല കാര്യമാണല്ലോ അവിടെ നടക്കുന്നത്. അവിടെ ഒരു അലങ്കോലം ഉണ്ടാക്കണ്ടല്ലോ’, മന്ത്രി പറഞ്ഞു.

Signature-ad

അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും സംഘാടക സമിതി യോഗത്തിൽ നോട്ടീസിൽ പേര് വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ജനാധിപത്യ മര്യാദയുടെ ഒരു പ്രശ്‌നമാണ്. രാഹുൽ തെരഞ്ഞെടുപ്പിൽ വിജയിച്ച വ്യക്തിയാണ്. അയാൾ അയോഗ്യനല്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. അത് ഞങ്ങളുടെ പാർട്ടിക്ക് മാത്രം കാണിക്കാൻ പറ്റുന്ന മര്യാദയാണ്’, അദ്ദേഹം പറഞ്ഞു. ആദ്യം പ്രശ്‌നം വളരെ രൂക്ഷമായിരുന്നപ്പോഴാണ് പരിപാടിയിൽ നിന്നും ഒഴിവാക്കുമെന്ന് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. ശിവൻകുട്ടിയും മന്ത്രി എംബി രാജേഷും വേദിയിലുണ്ടായിരുന്നപ്പോഴാണ് രാഹുൽ വേദിയിലെത്തിയത്. തുടർന്ന് വി ശിവൻകുട്ടിയുമായി സംസാരിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.

ഇതിനിടെ രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങിയിരുന്നു. പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: