ഇന്ത്യന്‍ ബൗളര്‍ മൊഹമ്മദ് ഷമിയെ വിടാന്‍ ഒരുക്കമല്ല ; ഭാര്യയ്ക്ക് 1.5 ലക്ഷവും മകള്‍ക്ക് വേണ്ടി 2.5 ലക്ഷവും ജീവനാംശം; പ്രതിമാസം നാലുലക്ഷം രൂപ ഒരു ചായകുടിക്കാന്‍ പോലും തികയില്ലെന്ന് മുന്‍ഭാര്യ ഹസീന്‍ ജഹാന്‍ ; സുപ്രീംകോടതി നോട്ടീസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും എതിരെ അദ്ദേഹത്തിന്റെ അകന്നു കഴിയുന്ന ഭാര്യ ഹസീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കല്‍ക്കട്ട ഹൈക്കോടതി തനിക്കും മകള്‍ക്കും അനുവദിച്ച ജീവനാംശത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹസീന്‍ ജഹാന് പ്രതിമാസം 1.5 ലക്ഷവും മകള്‍ക്ക് വേണ്ടി 2.5 ലക്ഷവും ഉള്‍പ്പെടെ ആകെ 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ തുക മതിയാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഹര്‍ജി നല്‍കിയത്. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഷമിയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2018 മുതല്‍ ഷമിയും ഹസീന്‍ ജഹാനും ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ജീവനാശം സംബന്ധിച്ച നീണ്ട നിയമപോരാട്ടങ്ങളിലുമാണ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ഷമിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒത്തുകളി ആരോപണങ്ങളില്‍ നിന്ന് ബിസിസിഐ ഷമിയെ ഒഴിവാക്കിയെങ്കിലും, വ്യക്തിപരവും നിയമപരവുമായ പ്രശ്‌നങ്ങള്‍ തുടര്‍ന്നു.
വിവാഹത്തില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ഷമി നല്‍കിയ മറുപടി ഇതാണ്: ‘കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഞാന്‍ ഒരിക്കലും ഖേദിക്കുന്നില്ല. പോയത് പോയി. ഞാന്‍ എന്റെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്, ഈ വിവാദങ്ങളില്‍ എനിക്ക് തലയിടേണ്ട ഒരു കാര്യവുമില്ല.’






