മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ല ; ശബരിമല കൊള്ളയില്‍ അന്വേഷണം തുടരുന്നു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ടെങ്കിലും കുവൈത്ത് പര്യടനത്തിലായ മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
സിപിഐഎമ്മിന്റെ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അത്തരമൊരു ചര്‍ച്ച നടക്കുന്ന കാര്യം നേതൃത്വം സ്ഥിരീകരിക്കുകയും വിവിധ ജില്ലാ കമ്മറ്റി അംഗങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നതെന്നായിരുന്നു വിവരം.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഉണ്ടായില്ല. അതേസമയം ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ സാഹചര്യത്തിലാണ് നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ അന്വേഷണം തുടരുകയാണ്.
ഒടുവില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെഎസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് വേഗത്തിലാക്കാനാണ് എസ്ഐടി തീരുമാനം.






