ആശമാരുടെ ഓണറേറിയം വര്‍ധന; പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി; നടപടി സര്‍ക്കാര്‍ 1000 രൂപ വര്‍ധിപ്പിച്ചത് പരിഗണിച്ച്; മറ്റ് ആവശ്യങ്ങള്‍ക്കായി ആശമാരുടെ ഔദ്യോഗിക യൂണിയനുകള്‍ക്ക് സമീപിക്കാമെന്നും കോടതി; വിജയം സര്‍ക്കാരിനും ഗുണകരം

കൊച്ചി: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ നിതിന്‍ ജാംദര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ചാണു ഹര്‍ജി തള്ളിയത്. ആശമാരുടെ ഓണറേറിയം നവംബര്‍ ഒന്നുമുതല്‍ 1000 രൂപ വര്‍ധിപ്പിച്ചെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു തള്ളിയത്.
സംസ്ഥാന ആരോഗ്യമന്ത്രിയുടെയും വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടറും ഉള്‍പ്പെട്ട സമിതിയാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം സംബന്ധിച്ചു പരിശോധന നടത്തിയത്. ഏപ്രില്‍ മൂന്നിനായിരുന്നു ഇവര്‍ യോഗം ചേര്‍ന്നത്.
ഇതിനുശേഷം ഇന്നാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണു സര്‍ക്കാര്‍ നടപടിയെടുത്തതെന്നും ഓണറേറിയം ഏഴായിരത്തില്‍നിന്ന് എണ്ണായിരം രൂപയാക്കി ഉയര്‍ത്തിയെന്നും സംസ്ഥാനത്തിന്റെ അറ്റോര്‍ണി അറിയിച്ചു.
‘മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ റിട്ട് പെറ്റീഷന് തുടരുന്നതിന്റെ ആവശ്യമില്ലെന്നു ബോധ്യപ്പെട്ടെന്നും മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആശമാര്ക്കോ അവരുടെ യൂണിയനുകള്‍ക്കോ കോടതിയുടെ മധ്യസ്ഥതയ്ക്ക് എത്താന്‍ കഴിയുമെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി ക്ലോസ് ചെയ്യുന്നു’ എന്നും ബെഞ്ച് നിരീക്ഷിച്ചു.
ആശമാരെ പ്രതിനിധീകരിക്കുന്ന രജിസ്റ്റേര്‍ഡ് യൂണിയന്റെ ഭാഗമായിരുന്നില്ല ഹര്ജിക്കാരന്. തുടര്‍ന്നു കോടതി നിര്‍ദേശം അനുസരിച്ച് ഔദ്യോഗിക യൂണിയനുകള്‍ കേസില്‍ കക്ഷി ചേരുകയായരുന്നു. സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ എട്ടുമാസമായി തുടരുന്ന സമരം ആശമാര്‍ താത്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.
ഈ വിധി ചൂണ്ടിക്കാട്ടി സര്‍ക്കാരിനു ഭാവിയില്‍ സമരത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നവരുണ്ട്. നിലവില്‍ ഇന്ത്യയില്‍ഏറ്റവും കൂടുതല്‍ ഓണറേറിയം നല്കുന്ന സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജോലിക്കുറവും കേരളത്തിലെ ആശമാര്‍ക്കാണ്. ഏറ്റവുമൊടുവില്‍ കുഷ്ഠരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടായിരുന്നു സര്‍വേ. അതുതന്നെ മര്യാദയ്ക്കു നടന്നില്ലെന്ന പരാതിയുമുണ്ട്.
കേന്ദ്രം അനുവദിച്ച പട്ടികയിലുള്ള പത്തു ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ അധിക വേതനം ലഭിച്ചിരുന്നുള്ളൂ. സിഐടിയു സമരത്തെ തുടര്‍ന്ന് അഞ്ചെണ്ണം പൂര്‍ത്തിയാക്കിയാല്‍ അധിക വേതനം കിട്ടുമെന്ന സ്ഥിതിയായി. പിന്നീട്, എസ് യുസിഐയുടെ സമരത്തിനു പിന്നാലെ സിഐടിയു നട്തിയ എജി ഓഫീസ് മാര്‍ച്ചിനുശേഷം ഈ അഞ്ചു നിബന്ധന പൂര്‍ത്തിയാക്കണമെന്നതും എടുത്തു കളഞ്ഞു. ഇപ്പോള്‍ ഈ പട്ടികയില്‍ പറഞ്ഞിട്ടുള്ള ഒന്നും ചെയ്തില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന തുക ഇവര്‍ക്കു ലഭിക്കുമെന്ന സ്ഥിതിയിലായി.
ഈ മാസം മുതൽ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറെ നാളായി സമരത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശ വർക്കർമാർ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപകൽ സമരമാണ് ആശ പ്രവർത്തകർ നടത്തിയത്. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞാ റാലിയോടെയായിരുന്നു രാപകൽ സമരാവസാനം. രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി എംഎൽഎമാരും നേതാക്കളുമെത്തി. പായസം വെച്ചാണ് ആശമാർ പന്തലഴിച്ച് പിരിഞ്ഞത്. അധിക്ഷേപങ്ങളും പൊലീസ് നടപടികളും ഉൾപ്പെടെ തടസ്സങ്ങളേറെക്കേണ്ട സമരമായിരുന്നു ഇത്. മുടിമുറിക്കലുൾപ്പെടെ കടുത്ത സമരരീതികൾ. ഒടുവിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആയിരം രൂപ ഓണറേറിയം കൂട്ടിയ സർക്കാർ തീരുമാനം വിജയമായി കണ്ടാണ് ആശമാരുടെ മടക്കം.
The Kerala High Court on Tuesday (4 November) closed a public interest litigation seeking increase in honorarium paid to Accredited Social Health Activists (ASHA workers). The division bench comprising Chief Justice Nitin Jamdar and Justice Syam Kumar V M, closed the writ petition on being informed by the State Attorney that the monthly honorarium has been increased by Rs. 1000/- from November 1, 2025.






