
പെര്‍ത്ത്: അടുത്തവര്‍ഷത്തെ് ടി20 ലോകകപ്പില്‍ ആരു ഫൈനലില്‍ എത്തുമെന്നതില്‍ പ്രവചനം നടത്തി ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് അടുത്ത വര്‍ഷം ആദ്യം ടൂര്‍ണമെന്റ്. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനു മുന്നിലുള്ളത്. മറുഭാഗത്തു മുന്‍ ജേതക്കളായ ഓസീസ് കിരീടം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലുമാണ്.
2023ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന്റെ റീപ്ലേയ്ക്കാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് സാക്ഷ്യം വഹിക്കുകയെന്നാണ് ഡേവിഡ് വാര്‍ണറുടെ വമ്പന്‍ പ്രവചനം. അന്നു രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയന്‍ ടീം കപ്പടിച്ചത്.
ഗ്രൂപ്പുഘട്ടത്തിലടക്കം ഓസീസിനെ തകര്‍ത്തെറിഞ്ഞ് ടൂര്‍ണമെന്റിലെ ഒരു കളി പോലു തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് തങ്ങളുടെ ആറാം ലോകിരീടത്തില്‍ മുത്തമിട്ടത്.
അടുത്ത ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയും ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കുമെന്നു പ്രവചിച്ചെങ്കിലും ഇതില്‍ ആരാവും ജയിക്കുകയെന്നു മാത്രം വാര്‍ണര്‍ പ്രവചിച്ചതുമില്ല. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ കമന്ററിക്കിടെയായിരുന്നു ഓണ്‍എയറില്‍ അദ്ദേഹത്തിന്റെ പ്രവചനം. 2026ലെ ടി20 ലോകകപ്പില്‍ നമുക്കു ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്‍ ലഭിക്കുമെന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍.
സമീപകാലത്തു ടി20 ഫോര്‍മാറ്റില്‍ ഗംങീര ഫോമിലാണ് ഇന്ത്യയും ഓസ്ട്രേലിയയും കളിച്ചുകൊണ്ടിരിക്കുന്നത്. വളരെ അഗ്രസീവ് ക്രിക്കറ്റ് കാഴ്ചവച്ചാണ് രണ്ടു ടീമുകളുടെയും കുതിപ്പ്. അപകടകാരികളായ ബാറ്റര്‍മാരുടെ സാന്നിധ്യമാണ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ അപകടകാരികളാക്കുന്നതെങ്കില്‍ മികച്ച ഓള്‍റൗണ്ടര്‍മാരാണ് ഓസീസിന്റെ കരുത്ത്. അവസാന ടി20 ലോകകപ്പില്‍ ഓസീസ് ടീം സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു.
കോലിയുടെ ഭാവി
ഇന്ത്യയുടെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ ഏകദിന ്ക്രിക്കറ്റിലെ ഭാവിയെ കുറിച്ചും ഡേവിഡ് വാര്‍ണര്‍ പ്രവചിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് കോലിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ആദ്യത്തെ രണ്ടു കളിയിലും ഡെക്കായെങ്കിവും അവസാന മല്‍സരത്തില്‍ 70 പ്ലസ് റണ്‍സുമായി അദ്ദേഹം ശക്തമായ തിരിച്ചുവരവും നടത്തി.
സിഡ്നിയിലെ മൂന്നാം ഏകദിനത്തിനിടെ ഗ്രൗണ്ടില്‍ വച്ച് വാര്‍ണറും കോലിയും നേരില്‍ കാണുകയും സൗഹൃദം പങ്കിട്ട് അല്‍പ്പനേരം സംസാരിക്കുകയും ചെയ്തിരുന്നു. 36ാം വയസ്സിലും കോലിയുടെ ഫിറ്റ്നസ് അതിശയിപ്പിക്കുന്നതാണെന്നും 50 വയസ് വരെയെങ്കിലും കളിക്കാന്‍ സാധിക്കുമെന്നാണ് വാര്‍ണറുടെ പ്രവചനം.
വിരാട് കോലിയെ ഞാന്‍ കുറച്ചു കാലമായി കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ സിഡ്നിയില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഹസ്തദാനം നടത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. നിങ്ങളും കുടുംബലവും എങ്ങനെയിരിക്കുമെന്നായിരുന്നു ഞാന്‍ കോലിയോടു ചോദിച്ചത്.
ക്രിക്കറ്റിനെ കുറിച്ച് ഞങ്ങള്‍ വളരെ കുറച്ചു മാത്രമേ സംസാരിച്ചുളളൂ. നിങ്ങള്‍ സൂപ്പര്‍ ഫിറ്റായിട്ടാണ് ഇപ്പോള്‍ കാണപ്പെടുന്നതെന്നും 50 വയസ്സ് വരെ കളിക്കാന്‍ കഴിയുമെന്നും കോലിയോടു താന്‍ പറഞ്ഞുവെന്നും വാര്‍ണര്‍ വ്യക്തമാക്കി.





