Breaking NewsLead NewsNEWSWorld

യുഎസ് ഭരണഘടനാ നിയമങ്ങൾ വീണ്ടും പൊളിച്ചെഴുതുമോ? എനിക്ക് വലിയ പിൻതുണയുണ്ട്, മൂന്നാമതും പ്രസിഡന്റാകാൻ ആഗ്രഹം…എന്റെ പിൻ​ഗാമികൾ ഇവർ, ഈ രണ്ടുപേർക്കെതിരെ ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സൂചന നൽകി ട്രംപ്

ടോക്കിയോ: 2028ൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനം. തനിക്ക് വീണ്ടും പ്രസിഡന്റാകാൻ ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണ തനിക്കുണ്ടെന്നുമായിരുന്നു മൂന്നാമതും പ്രസിഡന്റ് ആകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ട്രംപിന്റെ മറുപടി.

അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനന്റെ നിർദേശത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ വീണ്ടും മത്സരിക്കുന്നതിനെ കുറിച്ച് താൻ ശരിക്കും ചിന്തിച്ചിട്ടില്ലെന്നും ഉടനടി ട്രംപ് പറഞ്ഞു. പിന്നാലെയാണ് തനിക്ക് ആ​ഗ്രമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്.

Signature-ad

തന്റെ കാലാവധി കഴിഞ്ഞാൽ റിപബ്ലിക്കൻ പാർട്ടിയെ നയിക്കാൻ സാധ്യതയുള്ള പിൻഗാമികളെക്കുറിച്ചും ട്രംപ് സൂചന നൽകി. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാർഥികളായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും ആണ് ട്രംപ് നിർദേശിച്ചത്. റൂബിയോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങൾക്ക് ശരിക്കും നല്ല ആളുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘‘ഞങ്ങൾക്ക് മികച്ച നേതാക്കളുണ്ട്. അവരിൽ ഒരാൾ ഇവിടെ നിൽക്കുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മികച്ച നേതാവാണ്. ഈ രണ്ടുപേർക്കെതിരെയും ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം ട്രംപ് വീണ്ടും മത്സരിക്കുന്നത് പരിഗണിക്കണമെന്ന് വാദിക്കുന്നവരിൽ ഒരാളാണ് സ്റ്റീവ് ബാനൻ. ട്രംപിന് മൂന്നാം തവണയും മത്സരിക്കാനുള്ള ഒരു പദ്ധതിയുണ്ടെന്ന് അടുത്തിടെ തന്റെ പോഡ്‌കാസ്റ്റിൽ അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു. യുഎസ് ഭരണഘടന അനുസരിച്ച് ഒരാൾക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് ആകാൻ സാധിക്കൂ.

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മലേഷ്യയിൽ നിന്നാണ് ട്രംപ് ജപ്പാനിൽ എത്തിയത്. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചെന്നും ഇനി യുദ്ധമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ദശലക്ഷക്കണക്കിനു ജീവൻ രക്ഷപ്പെട്ടു. ഇത് ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: