Breaking NewsBusinessLead NewsNEWSWorld

വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ്

വാഷിങ്ടൻ: ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു പ്രസ്താവന.

‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർക്ക് നിലവിൽ 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആയി ഉയരും’- ട്രംപ് വ്യക്തമാക്കി.

Signature-ad

അതുപോലെ നിരവധി രാജ്യങ്ങളുമായി അമേരിക്ക ഒരു വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ രാജ്യങ്ങളെല്ലാം അമേരിക്കയെ വച്ച് മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. നവംബർ ഒന്നോടെ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെയും പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന ചൈനീസ് തീരുമാനത്തിന് പിന്നാലെ ട്രംപ് പ്രതികാര നടപടിയുമായി രംഗത്തെത്തിയിരുന്നു. ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നായിരുന്നു ട്രംപ് നൽകിയ മുന്നറിയിപ്പ്.

‘നമ്മുടെ സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുകയും ഇതിലൂടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ ആലോചനയിലാണ്. നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല’, ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചിരുന്നു.

Back to top button
error: