Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം- ജി സുധാകരൻ.

ജി സുധാകരനെതിരെ സിപിഎമ്മിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജി സുധാകരനെതിരെ സിപിഎം പ്രവർത്തകർ വലിയ സൈബർ ആക്രമം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ വളരെ നികൃഷ്ടവും മ്ലേച്ചവും മാർക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കൽ ക്രിമിലൻസിന്റെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് ജി സുധാകരൻ തന്നെയാണ്. ഈ വിധം വേട്ടയാടാൻ എന്താണ് ജി സുധാകരൻ ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതാണോ യഥാർത്ഥത്തിൽ ജി സുധാകരൻ ചെയ്ത തെറ്റ്? അതോ പിണറായി വിജയനെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നതാണോ? പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതിൽ പിന്നെ വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രസംഗിച്ചു നടന്നിരുന്നവർ പോലും ആ വാചകങ്ങൾ മറന്നു പോയിരിക്കുന്നു.

നല്ല കാലം മുഴുവൻ പാർട്ടിക്കുവേണ്ടി ചോരയും നീരും കൊടുത്തു പ്രവർത്തിച്ച നേതാക്കൾക്ക് അവസാനം ഇത്തരത്തിലുള്ള അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് സിപിഎം എന്ന പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടും അദ്ദേഹത്തിന്റെ സജീവ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിൽ പിണറായി അനുകൂല വിഭാഗം സ്വീകരിച്ചതും ഇതിനു സമാനമായ സമീപനങ്ങൾ തന്നെ ആയിരുന്നല്ലോ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിൽ അധികമായി പിണറായി വിജയനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന, താല്പര്യക്കുറവുള്ള നേതാക്കളെ പിണറായി അനുകൂലപക്ഷം അവഗണിക്കുകയും രാഷ്ട്രീയമായി അക്രമിക്കുകയും ചെയ്യുന്നത് സിപിഎമ്മിലെ സ്ഥിരം കാഴ്ച്ചയാണ്. മുൻപ് പാർട്ടിക്കുള്ളിൽ പിണറായി പക്ഷത്തിന്റെ മേധാവിത്വം ആയിരുന്നുവെങ്കിൽ കഴിഞ്ഞ ഒരു ദശാബ്ദകാലമായി പിണറായി വിജയനപ്പുറം പാർട്ടിയില്ല എന്നതാണ് സ്ഥിതിവിശേഷം. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുന്ന കാലത്ത് തിരഞ്ഞെടുപ്പ് പോസ്റ്ററിൽ സ്ഥാനാർത്ഥിക്കൊപ്പം വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരാൻ ഇടയാക്കിയതും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയമല്ല സിപിഎം മുന്നോട്ട് വയ്ക്കുന്നതെന്ന് അന്ന് പല നേതാക്കളും പ്രസംഗിച്ചിരുന്നതും രാഷ്ട്രീയ കേരളം കേട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി കണ്ണൂരിൽ പി ജയരാജന്റെ കട്ടൗട്ട് ഉയർന്നപ്പോഴും, പി ജെ ആർമി രൂപപ്പെട്ടപ്പോഴും എല്ലാം ഇതേ വിമർശനങ്ങൾ ആവർത്തിച്ചിരുന്നു. എന്നാൽ ഇന്ന് എന്താണ് സിപിഎമ്മിന്റെ സ്ഥിതി?

Signature-ad

പുരസ്കാരം ലഭിച്ചതിൽ മോഹൻലാലിനെ അഭിനന്ദിക്കുന്ന സർക്കാർ പരിപാടിയിൽ മോഹൻലാലിനെക്കാൾ വലിയ ഫോട്ടോ പിണറായി വിജയന്റേതാണ്. പിണറായി വിജയനെ പുകഴ്ത്തിയും പ്രശംസിച്ചും എഴുതപ്പെട്ട കവിതകൾ എത്രയാണെന്ന് എണ്ണമുണ്ടോ? ഇരട്ടചങ്കൻ എന്നും കാരണ ഭൂതനെന്നും തുടങ്ങി എത്രയെത്ര വിശേഷങ്ങളാണ് പിണറായി വിജയന് ഇതേ പാർട്ടിയും അണികളും ചേർന്ന് അണിയിച്ചു നൽകിയിട്ടുള്ളത്. വ്യക്തികേന്ദ്രീകത രാഷ്ട്രീയത്തിനെതിരെ പ്രസംഗിച്ചു നടന്ന മാർക്സിസ്റ്റ് പാർട്ടി ഇന്ന് കേവലം പിണറായിസ്റ്റുകളുടെ പാർട്ടിയായി മാറിയിരിക്കുന്നു. പിണറായി വിജയനെ അംഗീകരിക്കാത്ത, പുകഴ്ത്തി പാടാത്ത ഒരാൾക്കും സിപിഎമ്മിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നതാണ് സ്ഥിതി.

ജി സുധാകരന്റെ വിഷയം തന്നെ നോക്കൂ. ജി സുധാകരന് നേരിടുന്ന സൈബർ അക്രമത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും തങ്ങളുടെ നേതാവിന് വേണ്ടി ആത്മാർത്ഥമായി ഒരു വാക്കു പറയാൻ പോലും സിപിഎം നേതാക്കൾക്ക് തോന്നുന്നില്ല. ‘എല്ലാവരും ബഹുമാനത്തോടും ആദരവോടും നോക്കുന്ന നേതാവാണ് ജി. സുധാകരൻ. നീതിമാനായ ഭരണകർത്താവാണ്. ജി. സുധാകരനെ അപമാനിക്കരുത്. ഒരു കോൺഗ്രസ് പ്രവർത്തകനാണ് ജി. സുധാകരനെതിരെ സൈബർ ആക്രമണം നടത്തിയാൽ പോലും അത് തടയും’ എന്ന് വിഡി സതീശൻ പറയുമ്പോൾ പോലും സിപിഎം ഈ വിഷയത്തിൽ അക്രമികൾക്ക് മൗന പിന്തുണ കൊടുക്കാനാണ് താത്പര്യം കാണിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന വിദൂഷകർക്ക് മാത്രമാണ് സിപിഎമ്മിൽ സ്ഥാനം, മാന്യമായി പ്രവർത്തിക്കുന്ന നേതാക്കളെ ആക്രമിക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തെയും ഈ സംഭവ വികാസങ്ങൾ ശരി വയ്ക്കുന്നു. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പാർട്ടിയിൽ പ്രാധാന്യം ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പിണറായി വിജയന്റെ ഇച്ഛകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയോ എന്ന് ഇനിയും പിണറായി വിജയനിസ്റ്റുകളായി മാറാത്ത മാർക്സിസ്റ്റുകാർ സ്വയം പരിശോധിക്കുന്നത് നന്നാവും.

പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച മുതിർന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം ഫെയ്‌സ്ബുക്കിൽ വന്ന് തെറി പറയുമ്പോൾ അതിനോട് പ്രതികരിക്കാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിച്ചതെന്ന് ജി സുധാകരനെ പോലെ ഒരു മുതിർന്ന നേതാവ് മാധ്യമങ്ങളോട് ഏറെ വേദനയോടെ പറയണമെങ്കിൽ സിപിഎമ്മിന്റെ രാഷ്ട്രീയം എത്രമാത്രം അധ:പതിക്കപ്പെട്ടു എന്ന് തന്നെയാണ് അത് ചൂണ്ടിക്കാട്ടുന്നത്. സോവിയറ്റ് എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ ‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കണം’ എന്ന വരികൾ താളാത്മകമായി പ്രസംഗിക്കാറുണ്ടായിരുന്ന മാർക്സിസ്റ്റുകാർക്ക് ഇപ്പോൾ സ്വന്തം പാർട്ടിയിലെ ഒരു നേതാവിന്റെ വിമർശനത്തെ പോലും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ജി സുധാകരൻ ഒരിക്കൽ പോലും പാർട്ടിക്ക് പുറത്തു പോകുമെന്ന് പറയുകയോ അതിനുവേണ്ടി പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിക്കുകയും ടി പാർട്ടി നടത്തുകയും ചെയ്തു, അതിൽ സജി ചെറിയാനും പങ്കാളി ആയിരുന്നു എന്ന് ജി സുധാകരൻ തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്തിനാണ് സിപിഎം സ്വന്തം പാർട്ടിയിലെ ഒരു നേതാവിനെ ഇത്തരത്തിൽ വേട്ടയാടുന്നത് എന്ന ചോദ്യത്തിന് അയാൾ സിപിഎമ്മിനുള്ളിലെ പിണറായി വിജയന്റെ ഫാൻസ് ക്ലബ്ബിൽ അംഗത്വം എടുത്തിട്ടില്ല എന്നത് തന്നെയല്ലേ കാരണം? മാർക്സിസ്റ്റുകളെക്കാൾ പിണറായിസ്റ്റുകൾക്ക് പ്രാധാന്യമുള്ള ഇന്നത്തെ സിപിഎം രാഷ്ട്രീയത്തിൽ ഇതൊക്കെ വളരെ സ്വാഭാവികമായും മാറിയിരിക്കുന്നു.

നിങ്ങൾ എന്നാണ് അവസാനമായി ഒരു സിപിഎം നേതാവ് പിണറായി വിജയന്റെ പേരെടുത്ത് വിമർശിക്കുന്നതായി കേട്ടത്? അങ്ങനെയൊന്ന് ഈ അടുത്തകാലത്തൊന്നും കേൾക്കാനിടയില്ല. പിണറായി വിജയനെ ഏറ്റവും നന്നായി ആരു പുകഴ്ത്തുന്നു എന്നതിൽ സിപിഎമ്മിൽ നിലവിലൊരു മത്സരം തന്നെ നടക്കുന്നുണ്ട് എന്ന് പൊതുജനത്തിന് തോന്നുന്ന രീതിയിലാണ് പുകഴ്ത്തലുകൾ. സംസ്ഥാനം അതിഭീകര ഭരണ വിരുദ്ധ വികാരത്തിൽ നിൽക്കുമ്പോഴും കത്തിജ്വലിക്കുന്ന സൂര്യൻ, ലോകമെങ്ങും ശോഭിച്ചിടും കാരണഭൂതൻ, ആടിയുലയാത്ത കപ്പലിന്റെ കപ്പിത്താൻ ഇങ്ങനെ തുടങ്ങി സിപിഎം നേതാക്കളും പിആർ ഏജൻസികളും ഒക്കെ ചേർന്ന് ഇത്തരത്തിൽ ഓരോ പേരുകൾ ചാർത്തി നൽകി വ്യക്തിപൂജയെ അതിന്റെ പാരമ്യത്തിൽ എത്തിക്കുകയാണ്. ആ കൂട്ടത്തിൽ സർക്കാർ തെറ്റായ വഴിയിൽ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന ജി സുധാകരനെ പോലുള്ള നേതാക്കളെ നിലവിലെ സിപിഎം എന്നറിയപ്പെടുന്ന പിണറായി വിജയൻ ആരാധക വൃന്ദം ആക്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് ജി സുധാകരൻ. പിണറായി വിജയനോട് ചേർന്ന് നിൽക്കാത്ത പല നേതാക്കളും ഇന്നലെകളിൽ നേരിട്ടത് ഇതേ ദുരനുഭവമാണ്. നാളെയും ഇതുതന്നെ ആവർത്തിക്കും. എന്നാൽ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പിണറായി വിജയൻ സ്തുതികളുമായി എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയും എന്നതാണ് പ്രധാന ചോദ്യം? വിമർശിക്കുന്ന നേതാക്കളെ ഒരുപക്ഷേ ആക്രമിച്ചു കീഴ്പ്പെടുത്താൻ കഴിയുമായിരിക്കും, ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പൊതുജനത്തെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് എ കെ ബാലന്മാരും സജി ചെറിയാൻമാരും ഒരു ഉത്തരം കരുതി വയ്ക്കുന്നത് വളരെ നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: