Breaking NewsKeralaLead News

തനി സ്വര്‍ണ്ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കി ; 2024 ല്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ട് നല്‍കി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനമാനം. 2019 ല്‍ ഇയാള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനി സ്വര്‍ണ്ണം പൂശിയത് ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ അടിസ്ഥാനമാക്കിയാണ് നടപടി.

ഇക്കാര്യം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതിന് പിന്നാലെ 2024 ല്‍ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു വീണ്ടും നവീകരിക്കാനായി പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളിയിരുന്നു.

Signature-ad

അതേസമയം സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരിബാബു പ്രതികരിച്ചിരുന്നു. തന്റെ റിപ്പോര്‍ട്ട് തിരുവാഭരണ കമ്മീഷണര്‍ പരിശോധിച്ച ശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്. അവര്‍ വന്നുപരിശോധിച്ച ശേഷമാണ് 2019-ല്‍ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്.

ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു. 2019 ലെ മഹ്സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്ക് ഉണ്ടെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.

Back to top button
error: