Breaking NewsIndiaLead NewsNEWSNewsthen Specialpolitics

‘ഗോഡ്‌സെയുടെ തോക്കിലെ അതേ വര്‍ഗീയ വിഷമാണ് അംബേദ്കറെ ഇഷ്ടപ്പെടുന്ന ഗവായ്ക്കു നേരെയുമുള്ള ചെരുപ്പേറിലും; എറിയുന്ന കൈകള്‍ മാറിയാലും എറിയുന്നത് ഒരേ രാഷ്ട്രീയം’; വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് അഡ്വ. ഹരീഷ് വാസുദേവ്. കോടതിയില്‍ വാദം നടക്കുന്നതിനിടെ ഒരു അഭിഭാഷകന്‍ ഡയസിനരികിലെത്തി കാലിലെ ഷൂ ഊരി ഗവായ്ക്ക് നേരെ എറിഞ്ഞ സംഭവത്തിലാണു പ്രതികരവുമായി ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ഹരീഷ് രംഗത്തുവന്നത്.

ഗാന്ധിക്ക് നേരെ നിറയൊഴിച്ച ഗോഡ്സേയുടെ തോക്കിലെ അതേ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ഗവായ്യെ ആക്രമിച്ച ആളിലുമുള്ളത് എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് എഴുതിയത്. ‘സംഘപരിവാര്‍ വിതറുന്ന വര്‍ഗീയ വിഷമാണ് ഗാന്ധിയെ നിറയൊഴിച്ച ഗോഡ്സെയുടെ തോക്കില്‍ നിന്ന് വന്നത്. അതേ വര്‍ഗീയ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ചീഫ് ജസ്റ്റിസ് ഗവായ്യെ ചെരുപ്പ് എറിയാന്‍ വന്ന ആളിലും പ്രവര്‍ത്തിക്കുന്നത്. എറിയുന്ന കൈകള്‍ മാറിയാലും എറിയിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ശക്തമായ പ്രതിഷേധം ഉണ്ടാകണം’- ഹരീഷ് തന്റെ കുറിപ്പിലെഴുതി.

Signature-ad

നേരത്തെ ഖജുരാഹോയിലെ ഏഴടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വിഗ്രഹം നീക്കി സ്ഥാപിക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട് ജസ്റ്റിസിന്റെ വാക്കുകളാണ് വിവാദമായത്.

‘എന്തെങ്കിലും ചെയ്യാന്‍ ദൈവത്തോട് പോയി പറയൂ, നിങ്ങള്‍ മഹാവിഷ്ണുവിന്റെ അടിയുറച്ച വിശ്വാസിയാണെന്നല്ലേ പറയുന്നത്. എന്നാല്‍ പോയി പ്രാര്‍ത്ഥിക്കൂ. ഇതിപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. എ.എസ്.ഐ ആണ് അനുമതി നല്‍കേണ്ടത്’, എന്നായിരുന്നു അന്ന് കേസ് റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലടക്കം അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചായിരിന്നു. മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു അന്നുയര്‍ന്ന വാദം. ചീഫ് ജസ്റ്റിസിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടപെടുകയും അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇയാളെ പുറത്താക്കുന്നതിനിടെ ‘സനാതനത്തെ അപമാനിക്കാന്‍ സമ്മതിക്കില്ല’ എന്ന് അഭിഭാഷകന്‍ വിളിച്ചു പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോടതി നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ‘ഇത്തരം സംഭവങ്ങള്‍ കൊണ്ടൊന്നും ആരുടെയും ശ്രദ്ധ തെറ്റിക്കാനാകില്ല, നമ്മളാരും അശ്രദ്ധയിലല്ല, ഇതെന്നെ ഒട്ടും ബാധിച്ചിട്ടില്ല’, എന്നാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.

Back to top button
error: